സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്

സിപിഎം സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടി
 
saji

ഭരണഘടനാ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനിക്കുക. ഈ വർഷം ജൂലൈ ആറിനാണ് സജി ചെറിയാൻ രാജിവച്ചത്.

സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരേ തെളിവില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശ്യമില്ലെന്നും തിരുവല്ല കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ മന്ത്രിയായി തിരിച്ചെടുക്കാനുള്ള ചർച്ചകൾ സി.പി.എമ്മിൽ നേരത്തെ തന്നെ തുടങ്ങിയിരുന്നു.

ഈ വർഷം ജൂലൈ മൂന്നിനായിരുന്നു വിവാദ പ്രസംഗം. ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ കഴിയുന്ന മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമർശം കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി. പ്രതിഷേധം ശക്തമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു.