ഷാരോണ്‍ വധക്കേസ് ;ഗ്രീഷ്മയുടെ കസ്റ്റഡി ആവശ്യപ്പെടും ;രണ്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 
p
ഷാരോണ്‍ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് ഹാജരാക്കുക. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആശുപത്രി വിട്ടത്. പോലീസ് സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മ കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയിരുന്നു. ഇന്നലെ ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് ഇന്ന് അപേക്ഷ നല്‍കും.





ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. ഷാരോണ്‍ കേസിൻെറ തുടരന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റുന്നതാകും ഉചിതമെന്ന നിയമോപദേശം റൂറൽ എസ്പി ഇന്ന് ഡിജിപിക്ക് കൈമാറും. ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ദരുമായുള്ള കൂടിയാലോചനക്ക് ശേഷം കേസ് കൈമാറുന്നതിനെ കുറിച്ചുള്ള റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്.  പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈം ബ്രാഞ്ച് ഒരുങ്ങുമ്പോഴായിരുന്നു ഇങ്ങനൊരു നിയമോപദേശം ലഭിച്ചത്. കേസന്വേഷണത്തിൻെറ അധികാര പരിധി സംബന്ധിച്ച് സംശയമുള്ളതിനാലാണ് റൂറൽ എസ്പി നിയമോപദേശം തേടിയത്.

ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയും മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിലാണ്. എന്നാൽ ഷാരോണിന്റെ മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത് പാറാശാല പോലീസും.  കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. എന്നാൽ അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറുന്നതിനെ ഷാരോണിൻറെ കുടുംബം എതിർക്കുന്നുണ്ട്.