ആരോഗ്യവകുപ്പിന്റെ മെല്ലെപോക്ക്: സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം

അവശ്യമരുന്നുകള്‍ കിട്ടാതെ രോഗികള്‍
 
madican

സംസ്ഥാനത്ത് രൂക്ഷമായ മരുന്നുക്ഷാമം. മരുന്ന് ക്ഷാമം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങി മെഡിക്കല്‍ കോളജുകളില്‍ വരെ അവശ്യമരുന്നുകള്‍ പലതും കിട്ടാനില്ല. ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കം മിക്ക മരുന്നുകളുടെയും ശേഖരമില്ല. ആശുപത്രി ഫാര്‍മസികളിലെത്തുന്ന രോഗികള്‍ക്ക് അവശ്യമരുന്നുകള്‍ പോലും കിട്ടാതെ വലയുകയാണ്. കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കുന്ന കാരുണ്യ ഫാര്‍മസികളിലും രൂക്ഷമായ ക്ഷാമം തന്നെയാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്കും കാരുണ്യ ഫാര്‍മസിയിലേക്കും മരുന്നുകള്‍ വാങ്ങുന്ന കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ടെന്‍ഡര്‍ നടപടികള്‍ അനിശ്ചിതമായി നീളുന്നതാണ് മരുന്നുക്ഷാമം രൂക്ഷമാകാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ മാസത്തില്‍ മരുന്ന് വാങ്ങാനുള്ള ടെണ്ടര്‍ വിളിച്ചിരുന്നു. ഫെബ്രുവരിയോടെ അന്തിമ പട്ടികയും മാര്‍ച്ച് മാസത്തില്‍ പര്‍ച്ചേസ് ഓര്‍ഡറും ഏപ്രില്‍ പകുതിയോടെ മരുന്നുകളും എത്തി തുടങ്ങും. എന്നാല്‍ ഇത്തവണ ജൂണ്‍ മാസം പകുതിയോടെയാണ് ടെണ്ടര്‍ നടപടികള്‍ പോലും തുടങ്ങിയത്. സാധാരണ മാര്‍ച്ചില്‍ത്തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകാറുണ്ട്. മരുന്ന് വാങ്ങിയ വകയില്‍ കമ്പനികള്‍ക്ക് 200 കോടി രൂപ ആരോഗ്യവകുപ്പ് നല്‍കാനുണ്ട്. പണം നല്‍കുന്നതില്‍ കാലതാമസം നേരിടുന്നത് കൊണ്ട് മിക്ക കമ്പനികളും ടെണ്ടറില്‍ തന്നെ പങ്കെടുക്കുന്നില്ല. അവശ്യ മരുന്നുകള്‍ അടക്കം 700ല്‍ അധികം മരുന്നുകള്‍ക്കാണ് ഇത്തവണ ടെണ്ടര്‍ വിളിച്ചത്. ഇതില്‍ 75 അവശ്യ മരുന്നുകള്‍ക്ക് ടെണ്ടര്‍ എടുക്കാന്‍ ഒരു കമ്പനി പോലും എത്തിയില്ല. വടക്കന്‍ ജില്ലകളില്‍ പനി പടരുന്നതും കോവിഡും വ്യാപകമായതോടെ ഡ്രിപ്പായി നല്‍കാവുന്ന ഐവി പാരസെറ്റമോള്‍ അത്യാഹിതവിഭാഗത്തിലടക്കം സ്റ്റോക്കില്ല. ജീവന്‍രക്ഷാ മരുന്നായി ഉപയോഗിക്കുന്ന അത്യാഹിത വിഭാഗങ്ങളിലും ഐസിയുവിലും അടക്കം ഒഴിവാക്കാനാകാത്ത മരുന്നുകളായ അഡ്രിനാലിനും നോര്‍ അഡ്രിനാലിനും ഒരിടത്തുമില്ല. പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിനടക്കം മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ പലരുടേയും ചികിത്സയും മുടങ്ങുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമൊന്നുമില്ലെന്നാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ വിശദീകരണം. രോഗികളുടെ എണ്ണം കൂടുന്നത് മുന്നില്‍ കാണാതെ പര്‍ച്ചേഴ്‌സ് ഓഡര്‍ നല്‍കിയ ആശുപത്രികളില്‍ മാത്രമാണ് ചില മരുന്നുകള്‍ കിട്ടാതെ വരുന്നതെന്നും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. സാധാരണഗതിയില്‍ മരുന്ന് ക്ഷാമം ഉണ്ടാകുമ്പോള്‍ ലോക്കല്‍ പര്‍ച്ചേസ് വഴി കാരുണ്യയില്‍ നിന്ന് മരുന്നെത്തിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അതിനുള്ള ഫണ്ടും ആശുപത്രികള്‍ക്ക് നല്‍കിയിട്ടില്ല. സാധാരണക്കാരായ രോഗികള്‍ സ്വകാര്യാശുപത്രികളില്‍ ചികിത്സതേടേണ്ട ഗതികേടിലാണ്.