കെ.കെ രമയ്ക്ക് എതിരെയുള്ള എം.എം മണിയുടെ അധിക്ഷേപ പരാമര്‍ശം നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു

സ്ത്രീത്വത്തെ അധിക്ഷേപിക്കാന്‍ കേരള നിയമസഭ കൗരവ സഭയല്ല
 
 
SABHA

കെ.കെ രമയ്‌ക്കെതിരെ എം.എം മണി നടത്തിയ അധിക്ഷേപകരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധിക്ഷേപം പിന്‍വലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്ന നിലപാടിലാണ് എം.എം മണി. മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും പരാമര്‍ശം പിന്‍വലിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കെ.കെ രമയെ കൂടാതെ ആനിരാജ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കളെ അപമാനിച്ചിട്ടും സി.പി.ഐ നേതൃത്വം മൗനം പാലിക്കുന്നത് അദ്ഭുതകരമാണ്. 

സ്ത്രീകള്‍ക്കുണ്ടാകുന്ന വൈധവ്യം അവരുടെ വിധിയാണെന്ന് ഈ സര്‍ക്കാരോ പാര്‍ട്ടിയോ വിശ്വസിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. പുരോഗമനപരമായി ചിന്തിക്കുന്നെന്ന് പറയുന്ന സി.പി.എം വിധിയില്‍ വിശ്വസിക്കുന്നുണ്ടോ? വൈരുദ്ധാത്മക ഭൗതികവാദത്തില്‍ എവിടെയാണ് വിധിയെ കുറിച്ച് പറയുന്നത്? കമ്മ്യൂണിസ്റ്റ് നിലപാടുകളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍, വൈധവ്യം സ്ത്രീയുടെ വിധിയാണെന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ദുര്യോധനന്‍മാരും ദുശാസനന്‍മാരും സ്ത്രീത്വത്തെ അപമാനിച്ച് അഴിഞ്ഞാട്ടം നടത്തുന്ന കൗരവസഭയല്ല കേരളത്തിന്റെ നിയമസഭ. നിയമസഭയെ കൗരവസഭയാക്കി മാറ്റുന്നതിന് തുല്യമാണ് എം.എം മണിയുടെ പ്രസ്താവന. അധിക്ഷേപ പരാമര്‍ശം പിന്‍വലിക്കാന്‍ മണിയോ സര്‍ക്കാരോ തയാറാകാത്ത സാഹചര്യത്തില്‍ അത് പിന്‍വലിക്കാനുള്ള നടപടി സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. 


വൈദ്യുതി നിരക്ക് വര്‍ധനവിന് എതിരായ അടിയന്തിര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം


വൈദ്യുതി നിരക്ക് വര്‍ധനവിലെ അശാസ്ത്രീയതയെയും യുക്തിയില്ലായ്മയെയുമാണ് അടിയന്തിര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ചോദ്യം ചെയ്തത്. ഇതിന് മുന്‍പും കെ.എസ്.ഇ.ബി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബോര്‍ഡ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ലഭത്തിലാണെന്ന് പറയുന്ന അതേ സര്‍ക്കാരാണ് നിരക്ക് വര്‍ധനയിലൂടെ ഇപ്പോള്‍ ജനങ്ങള്‍ക്ക് മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. 2020-21 കാലത്ത് 1466 കോടിയുടെ ലാഭമുണ്ടാക്കിയെന്നാണ് പറയുന്നത്. ലാഭത്തില്‍ പോകുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് നിരക്ക് വര്‍ധിപ്പിച്ചത്? കോവിഡ് കാല പ്രതിസന്ധിയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ വൈദ്യുത നിരക്ക് വര്‍ധിപ്പിച്ച് അവരെ കൂടുതല്‍ ബുദ്ധിമൂട്ടിലാക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. 


സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വരുത്തിയിരിക്കുന്ന വന്‍ കുടിശിക പിരിച്ചെടുക്കാനും ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. നിരക്ക് വര്‍ധന സംസ്ഥാനത്തെ വ്യവസായങ്ങളെയും പ്രതികൂലമായി ബാധിക്കും. അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനയാണ് കേരളത്തിലുണ്ടായിരിക്കുന്നത്. 

ബോര്‍ഡില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്ന ചെയര്‍മാനെ സ്ഥലം മാറ്റി. സി.പി.എം അനുകൂല സംഘടനയായ ഓഫീസേഴ്‌സ് യൂണിയനാണ്. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സംഘടനാ നേതാവാണ് കെ.എസ്.ഇ.ബി ഭരിച്ചിരുന്നത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ 1200 കോടിയുടെ ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയെന്നാണ് പഴയ ചെയര്‍മാന്റെ ആരോപണം. സോഫ്ട് വെയറില്‍ നിന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ കൃത്രിമം കാട്ടുന്ന അവസ്ഥ വരെയുണ്ടായി. ടെണ്ടര്‍ വിവരങ്ങള്‍ കരാറുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവര്‍ പോലും ബോര്‍ഡിലുണ്ട്. ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ ആയിരം കോടി രൂപയുടെ അഴിമതി നടത്തി. മാനേജ്‌മെന്റോ ബോര്‍ഡോ അറിയാതെ 12 കോടിയുടെ ആവര്‍ത്തന ചെലവുണ്ടാക്കി 90 ഉദ്യോഗസ്ഥരെ വാട്‌സാപ് വഴി നിയമിച്ചു. ഹൈഡല്‍ ടൂറിസം പദ്ധതിയുടെ മറവില്‍ സ്വന്തക്കാര്‍ക്ക് ഭൂമി നല്‍കി. കെടുകാര്യസ്ഥതയും അനാസ്ഥയും അഴിമതിയും കൊണ്ട് ബോര്‍ഡിന് ഉണ്ടാകുന്ന ബാധ്യത പാവങ്ങളുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നതാണ് സര്‍ക്കാര്‍ നടപടി.