പ്രതിഷേധങ്ങള്‍ക്കിടയില്‍ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു

 
sreeram


 മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണുരാജിൽ നിന്നാണ് ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പതിനൊന്നരയോടെ കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. കളക്ടറേറ്റിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു.

നേരത്തെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു ശ്രീറാം സേവനമനുഷ്ഠിച്ചിരുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിയുടെ ചുമതലയും ശ്രീറാമിന് നൽകിയിരുന്നു. മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് നിലനിൽക്കെ സെക്രട്ടറിയേറ്റിന് അകത്ത് തന്നെ ശ്രീറാമിന് ചുമതല നൽകിയത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കളക്ടറുടെ ചുമതല ശ്രീറാമിന് നൽകിയിരിക്കുന്നത്. രേണു രാജിന് എറണാകുളം കളക്ടറായാണ് നിയമനം.