സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം കോഴിക്കോടിന്

 
kkk
ഒരിക്കൽ കൂടി കാത്തിരിക്കാൻ കോഴിക്കോട്‌ തയ്യാറായിരുന്നില്ല. ആവേശകരമായ മത്സരത്തില്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടം സ്വന്തം മണ്ണില്‍ തിരിച്ചുപിടിച്ചിരിക്കുകയാണ് കോഴിക്കോട്.  945 പോയിന്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പോയിന്റിന് പൊരുതിയ പാലക്കാടും കണ്ണൂരും 925 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു.   907 പോയിൻ്റുമായി തൃശൂർ മൂന്നാമതും 871 പോയിൻ്റുമായി എറണാകുളം നാലാതുമാണ്.  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 443 പോയിന്റുമായി പാലക്കാട് രണ്ടാമതും 436 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്. സംസ്‌കൃത കലോത്സവത്തില്‍ 95 പോയിന്റുമായും കൊല്ലവും അറബിക് കലോത്സവത്തില്‍ അത്രതന്നെ പോയിന്റുമായി പാലക്കാടും ഒന്നാം സ്ഥാനത്ത് എത്തി.

പതിവുപോലെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് ഏറ്റവുമധികം പോയിൻ്റുള്ള സ്കൂൾ. 156 പോയിൻ്റുള്ള ഗുരുകുലം സ്കൂളിനു പിന്നിൽ 142 പോയിൻ്റുള്ള തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് സ്കൂൾ രണ്ടാമതുണ്ട്. സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂർ, സിൽവർ ഹിൽസ് എച്ച് എസ് എസ് കോഴിക്കോട്, ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് കാസർഗോഡ് എന്നീ സ്കൂളുകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.   ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടന്ന കലാമാമാങ്കത്തില്‍ വിവിധ ജില്ലകളില്‍നിന്നെത്തിയ കൗമാരപ്രതിഭകള്‍ തമ്മില്‍ വീറുംവാശിയുമേറിയ പോരാട്ടമായിരുന്നു നടന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കലോത്സവത്തിന് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയായത്. 239 ഇനങ്ങളിലായിരുന്നു മത്സരം നടന്നത്.