കേരളത്തിലെ തെരുവുനായ ആക്രമണം: അടിയന്തരപരിഹാരം കാണണമെന്ന് സുപ്രീംകോടതി

 
dog
കേരളത്തിലെ തെരുവുനായ ആക്രമണത്തിന് പരിഹാരം കാണണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കില്‍ ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തെരുവുനായ പ്രശ്നം ഗുരുതരമാണെന്നും പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും മലയാളി അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. റോഡിലൂടെ നടക്കുന്നവരെ നായ കടിക്കുന്നത് അംഗീകരിക്കാനാകില്ല. കേരളത്തില്‍ തെരുവുനായകള്‍ ഗൗരവകരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നത് വസ്തുതയാണെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ ഈ മാസം 28ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. കേരളത്തില്‍ തെരുവുനായയുടെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 'ഞാനും പട്ടികളെ ഇഷ്ടപെടുന്ന വ്യക്തിയാണ്. പട്ടികളെ വളര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്' ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.