മലപ്പുറം നഗരസഭ വനിതാ ജിംനേഷ്യവും ഗസ്റ്റ് ഹൗസും ഉദ്ഘാടനം ചെയ്തു
മലപ്പുറം നഗരസഭയിലെ വനിതകൾക്ക് വേണ്ടി വനിതകളുടെ തന്നെ നേതൃത്വത്തിൽ പൂർണമായും ശീതീകരിച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വനിത ജിംനേഷ്യവും പ്രളയ ദുരിതാശ്വാസ സാഹചര്യങ്ങളിലും മറ്റു പൊതുവായ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന മുൻസിപ്പൽ ഗസ്റ്റ് ഹൗസും ഉദ്ഘാടനം ചെയ്തത്. വൈവിധ്യവും വ്യത്യസ്തവുമായ പദ്ധതികളുടെ കൂട്ടത്തിൽ മറ്റു രണ്ടു പുതിയ പദ്ധതികൾ കൂടി നഗരസഭയിൽ തുടക്കമായി. ക്വീൻ ഫിസിക്ക എന്ന പേരിൽ നഗരസഭയുടെ കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ ജിംനേഷ്യം നടപ്പിലാക്കിയത്. നഗരസഭ പ്രദേശത്തെ 60 വയസ്സ് പൂർത്തിയായ മുഴുവൻ ബിപിഎൽ വനിതകൾക്കും ഫിറ്റ്നസ് സെൻററിന്റെ സേവനം പൂർണമായും സൗജന്യമാണ്. കൂടാതെ ജില്ലാ സംസ്ഥാന കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന വിദ്യാർഥിനികൾക്കും ഫിറ്റ്നസ് സെൻ്ററിൽ പൂർണ സൗജന്യ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
പവർ ട്രേഡ് മിൽ, എലിറ്റിക്കൽ ട്രെയിനർ, റിക്കമ്പെൻ്റ് ബൈക്ക് തുടങ്ങി 36ലേറെ ആധുനിക ഉപകരണങ്ങളാണ് പരിശീലന കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ളത് .ജില്ലയിൽ ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള ഒരു പ്രവർത്തനം നടപ്പിൽ വരുത്തുന്നത് .35 ലക്ഷം രൂപ വാർഷിക പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ ജിംനേഷ്യത്തിൽ നഗരസഭ പദ്ധതി വിഹിതമായി ചെലവഴിച്ചു. കൂടാതെ രണ്ടു നിലകളായി ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള മുനിസിപ്പൽ ഗസ്റ്റ് ഹൗസും നഗരസഭയിൽ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടുകൂടിയ താമസസൗകര്യം ഉൾപ്പെടെ ഗസ്റ്റ് ഹൗസിൽ സജ്ജീകരിച്ചി ട്ടുണ്ട്. 50 പേർക്കിരിക്കാവുന്ന മിനി കോൺഫറൻസ് ഹാളും പ്രളയദുരന്ത ഘട്ടങ്ങളിൽ പ്രളയബാധിതരായ ആളുകൾ ഉൾപ്പെടെയുള്ളവർക്ക് താമസം ഒരുക്കുന്നതിനും നഗരസഭയുടെ മറ്റ് ഔദ്യോഗിക അതിഥികൾക്ക് താമസം ഒരുക്കുന്നത് ഉൾപ്പെടെ ലക്ഷ്യം വെച്ചാണ് ഷെൽട്ടർ ഹോം കം മുൻസിപ്പൽ ഗസ്റ്റ് ഹൗസും നിർമാണം പൂർത്തീകരിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി വൈവിധ്യമായ പ്രവർത്തനങ്ങളാണ് നഗരസഭയിൽ നിരന്തരമായി ഭരണസമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് അവസരം ഒരുക്കുന്നതിന് കേന്ദ്ര സർവകലാശാല പരിശീലനത്തിന് മുഴുവൻ വിദ്യാർഥികൾക്കും എൻട്രൻസ് ഫീസ് നഗരസഭ വഹിച്ചത് ഉൾപ്പെടെ 60 വയസ്സ് പൂർത്തിയായവർക്ക് നൽകിയ പ്രീമിയം ഭക്ഷണ കിറ്റ്, ഭിന്നശേഷി വിദ്യാർഥികൾക്കും,കേൾവിശക്തിയില്ലാത്തവർക്കും വേണ്ടി നടത്തിയിട്ടുള്ള പ്രത്യേക പദ്ധതികൾ തുടങ്ങി സംസ്ഥാനത്ത് ഏറെ വൈവിധ്യമായ പ്രവർത്തനങ്ങൾ നിരന്തരമായി നടപ്പിലാക്കി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നഗരസഭ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. നഗരസഭയുടെ വനിതാ ജിംനേഷ്യത്തിന്റെയും ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു കൊന്നോല അധ്യക്ഷതവഹിച്ചു.