മണ്ണരങ്ങും സാംസ്കാരിക വിനിമയ സന്ധ്യയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 
B B

സാംസ്കാരിക വിനിമയ ദൗത്യങ്ങളുടെ മുപ്പത്തി എട്ടാം വാർഷികത്തിൽ ഭാരത് ഭവനിൽ വേറിട്ട സാംസ്കാരിക വിരുന്നുകൾ ഒരുങ്ങുന്നു. മണ്ണരങ്ങ് ഇക്കോ തിയറ്റർ ഉദ്ഘാടനം, ലോക സാംസ്കാരിക ഗ്രന്ഥ പ്രകാശനം, ഭാരത് ഭവൻ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമ്മം, ഗിന്നസ് വേൾഡ്  റെക്കോഡ് പുരസ്ക്കാര സ്വീകരണം, വിവർത്തന രത്ന പുരസ്ക്കാര സമർപ്പണം, കപിലാ വാൽസ്യായൻ നൃത്തോത്സവത്തിന്റെ ലോഗോ പ്രകാശനം എന്നീ ചടങ്ങുകൾക്കാണ് ഭാരത് ഭവൻ നവംബർ 16 ന് വേദിയാകുന്നത്.


28 ഇന്ത്യൻ സംസ്ഥാനങ്ങളിലെ സവിശേഷ നൃത്തരൂപങ്ങളുടെ  ശിൽപ്പസാന്നിധ്യങ്ങളാൽ ഒരുക്കിയ മണ്ണരങ്ങ് ഇക്കോതിയ്യറ്ററും, സാംസ്കാരിക ഇടനാഴിയും മുഖ്യമന്ത്രി വൈകിട്ട് 6 ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് ലോക സാംസ്കാരികതെയെക്കുറിച്ചുള്ള സചിത്രരേഖകൾ അടങ്ങിയ ലോകസാംസ്കാരിക ഭൂപട  ഗ്രന്ഥപ്രകാശനം പത്മവിഭൂഷൺ  അടൂർ ഗോപാലകൃഷ്ണന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്യും.


 സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.വി. എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ, മന്ത്രി ആന്റണി രാജു വിശിഷ്ടാതിഥിയാകും. മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ഭാരത് ഭവൻ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. പത്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ദേശീയ ക്ളാസിക്കൽ നൃത്തോത്സവത്തിന്റെ ലോഗോ ഡോ. ശശിതരൂർ എം.പി, ചലച്ചിത്രതാരവും നർത്തകിയുമായ വിന്ദുജാ മേനോന് നൽകി പ്രകാശനം ചെയ്യും. തുടർന്ന് ഭാരത് ഭവന്റെ രണ്ടു വർഷങ്ങളിലെ വിവർത്തന രത്ന-സമഗ്ര സംഭാവനാ പുരസ്ക്കാര സമർപ്പണം ബഹു.സാംസ്കാരിക വകുപ്പ്  മന്ത്രി ശ്രീ.വി എൻ. വാസവൻ, ബഹു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു എന്നിവർ നിർവഹിക്കും.

ലോകനൃത്ത ദിനത്തിൽ ഭരതകലയും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച 24 മണിക്കൂർ നീണ്ട നൃത്തോത്സവത്തിനു ലഭിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് സ്വീകരണവും ഇതേ വേദിയിൽ നടക്കും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ് ചടങ്ങിൽ മുഖ്യാത്ഥിയായി പങ്കെടുക്കും. ഡോ.ജോർജ്ജ് ഓണക്കൂർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കേരള സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി ഒലീന, സാംസ്കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ്, ഡോ. അനിൽ കുമാർ.എ, വട്ടപ്പറമ്പിൽ പീതാംബരൻ,തൈക്കാട് വാർഡ് കൗൺസിലർ ജി.മാധവദാസ്, റോബിൻ സേവ്യർ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും. തുടർന്ന് വയലി മ്യൂസിക് ബാൻഡ് വിവിധ തീമുകളെ അവലംബിച്ച് പുല്ലാങ്കുഴലിലും  വൈവിദ്ധ്യമാർന്ന മുള സംഗീത ഉപകരണങ്ങളിലും ആവിഷ്ക്കരിക്കുന്ന ഹൃദ്യമായ സംഗീത വിരുന്നും മൺ പാട്ടുകളും അരങ്ങേറും.