പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ ഉത്തരവ് മരവിപ്പിച്ച് സർക്കാർ

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയ ധനവകുപ്പ് ഉത്തരവ് മരവിപ്പിച്ച് സർക്കാർ. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്തലിനെതിരേ യുവജനസംഘടനകളടക്കം പ്രതിഷേധമറിയിച്ചിരുന്നു.
കഴിഞ്ഞദിവസമാണ് പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകൾ തീരുമാനം പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പൊതു മേഖലാ സ്ഥാപനങ്ങളിൽ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവിറക്കിയത്.
ധനവകുപ്പ് ഇറക്കിയ ഉത്തരവു പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. സർക്കാർ തീരുമാനത്തിനെതിരേ സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫും ശക്തമായ സമരം പ്രഖ്യാപിച്ചിരുന്നു. പെൻഷൻ പ്രായം 60 വയസ് ആക്കാനുള്ള തീരുമാനം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്ന് എഐവൈഎഫ് നേതാക്കൾ പറഞ്ഞത്.
പ്രതിപക്ഷവും സർക്കാർ തീരുമാനത്തിനെതിരേ സമരവുമായി രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ യുവജനസംഘടനകൾ തീരുമാനിച്ചിരുന്നത്.
എന്നാൽ, പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരേ ശക്തമായ നിലപാടുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രതിഷേധം നടത്താനോ സമരം സംഘടിപ്പിക്കാനോ തയാറായിരുന്നില്ല.