മേയർ പരാതി നൽകി; കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം

 
arya

കത്ത് വിവാദത്തിൽ മേയർ നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു നിർദേശം. സംസ്ഥാന പൊലീസ് മേധാവിയാണ്  അന്വേഷണത്തിന് നിർദേശം നൽകിയത്. തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനൻ മേൽനോട്ടം നൽകും. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈ എസ് പി ജലീല്‍ തോട്ടത്തിലാണ് കേസ് അന്വേഷിക്കുക.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമെ സിപിഎമ്മും സംഭവം അന്വേഷിക്കും. ഇന്ന് ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. “കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ തെളിയും. പൊലീസ് അന്വേഷണം അതിന്റെ വഴിക്ക് നടക്കും. കത്ത് വിവാദത്തില് ഒളിക്കാന്‍ ഒന്നുമില്ല. പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും,” സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നഗപ്പന്‍ വ്യക്തമാക്കി.




കോര്‍പ്പറേഷനിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിന് പിന്നാലെയായിരുന്നു സിപിഎം നിര്‍ണായക യോഗം. ‍കത്ത് താന്‍ എഴുതിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.

നിയമനത്തിന് പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചിട്ടില്ലെന്ന് ആര്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയാതായും മേയര്‍ അറിയിച്ചു. നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല. കത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്, ലെറ്റര്‍ പാഡ് വ്യാജമാണോ എന്ന് അന്വേഷണം നടക്കട്ടെയെന്നും മേയര്‍ പറഞ്ഞു.

ബോധപൂര്‍വ്വം നഗരസഭ ഭരണസമിതിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശുപാര്‍ശ കത്ത് നല്‍കുന്ന ശീലം സിപിഎമ്മിനില്ലെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ സത്യസന്ധത കണ്ടെത്താനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഓഫീസിനെ സംശയിക്കുന്നില്ലെന്നും പൂര്‍ണമായി വിശ്വാസമുണ്ടെന്നും അന്വേഷണത്തിലൂടെ കാര്യങ്ങള്‍ പുറത്ത് വരട്ടെയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.



കത്ത് പുറത്ത് വന്നതിന് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നിലവില്‍. എന്നാല്‍ മേയര്‍ രാജി വയ്ക്കേണ്ടതില്ല എന്ന നിലപാടാണ് ആനാവൂര്‍ നാഗപ്പന്‍ സ്വീകരിച്ചത്. കത്ത് തന്റെ കയ്യില്‍ ലഭിക്കാത്തതിനാല്‍ വ്യാജമാണോയെന്ന് അറിയില്ലെന്നും ആനാവൂര്‍ ഇന്നലെ പറഞ്ഞിരുന്നു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകും. 35 ബിജെപി കൗൺസിലർമാര്‍ ഗവര്‍ണറെ കാണും. മേയർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ പ്രധാന ആവശ്യം.