പുതിയ വെളിപ്പെടുത്തല്‍ ശ്രീലേഖയ്ക്ക് തിരിച്ചടിയാകും

ഇത് കോടതി വ്യവസ്ഥയെ മൊത്തം അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് നിയമ വിദഗ്ധര്‍.
 
pix

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെള്ളപൂശി അപ്രതീക്ഷിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുന്‍ ഡിജിപി ഇക്കാര്യം കോടതിയില്‍ വെളിപ്പെടുത്തുമോ എന്ന ചോദ്യം പ്രസക്തമാകുന്നു. ഇക്കാര്യം സാക്ഷിമൊഴിയായി കോടതിയിലെത്തിയാല്‍ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവം ആകെ കുഴഞ്ഞു മറിയും. തന്റെ ചിരവൈരിയായ മറ്റൊരു ഉന്നത ഉദ്യോഗസ്ഥയെ ശ്രീലേഖ ലക്ഷ്യമിട്ടിരുന്നതായും സംശയം. ഇപ്പോഴത്തെ വെളിപ്പെടുത്തലിനു പിന്നില്‍ ദിലീപിന് സ്വാധീനമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. അതേസമയം കേസുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കവെ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

pix

നടിയെ ആക്രമിച്ച കേസിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. സ്വന്തം യു ട്യൂബ് ചാനലിലൂടെയായിരുന്നു ഇക്കാര്യം പറഞ്ഞത്. ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും ശ്രീലേഖ പറയുന്നു. 'മാധ്യമങ്ങളിലെ വാര്‍ത്തകളെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആദ്യ ചോദ്യം ചെയ്യലില്‍ ഒന്നും കിട്ടാതിരുന്നതോടെ അയാളെ വിട്ടയച്ചു, അത് വിവാദമായി.മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴി പല അറസ്റ്റുകളും ഉണ്ടായ സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ട്. ദിലീപിനെ പോലെ വളരെ സ്വാധീനമുള്ള ,പണമുള്ള ഒരാളെ വെറുതേ പോലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലില്‍ ഇടുമോയെന്നൊക്കെ പലരും ചോദിക്കും. എന്നാല്‍ എതിരാളി ശക്തനാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും എന്നാണ് തനിക്ക് ബോധ്യമായതെന്നും ശ്രീലേഖ പറയുന്നു. ദിലീപും പള്‍സര്‍ സുനിയുമായി നില്‍ക്കുന്ന ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ സമ്മതിച്ചെന്നും ശ്രീലേഖ പറയുന്നു.

തത്വത്തില്‍ ദിലീപിനെ നല്ലവനായി ചിത്രീകരിച്ചുകൊണ്ടും നടിയെ ആക്രമിച്ച സംഭവത്തില്‍ പൂര്‍ണമായും വെള്ളപൂശിക്കൊണ്ടുമായിരുന്നു ശ്രീലേഖ രംഗത്തു വന്നത്. ദിലീപ് വിഷയം നടക്കുമ്പോള്‍ ജയില്‍ ഡിജിപിയായിരുന്നു ശ്രീലേഖ. കേസിലെ പ്രതിയായ പള്‍സല്‍ സുനിക്ക് പൊലീസുകാരന്‍ ജയില്‍ വച്ച് ഫോണ്‍ നല്‍കിയതായി താനറിഞ്ഞിരുന്നുവെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയ പോലീസുകാരനെ കുറിച്ച് പറഞ്ഞിട്ടും അത് അന്വേഷിച്ചില്ല, തന്നെ കൊണ്ട് പോലീസ് കത്ത് നിര്‍ബന്ധിച്ച് എഴുതിപ്പിക്കുകയാണെന്ന് വിപിന്‍ ലാല്‍ പറഞ്ഞിട്ടും അതും പോലീസ് അന്വേഷിച്ചില്ലെന്നൊക്കെയുള്ള സംശയങ്ങള്‍ തനിക്കുണ്ടായിരുന്നു. ഇതൊക്കെ താന്‍ ചോദിച്ചിരുന്നുവെന്നാണ് ശ്രീലേഖ പറയുന്നത്. അങ്ങനെയെങ്കില്‍ ആ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.ഫോണ്‍ കൈമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല? കേസ് മുറുകി വന്നപ്പോഴും ഇക്കാര്യം വെളിപ്പെടുത്താത്തത് എന്തുകൊണ്ട്? കുറ്റം ചെയ്യുന്നതു പോലെതന്നെ ശിക്ഷാര്‍ഹമാണ് അത് അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നത് എന്ന കാര്യം ഡിജിപിയായിരുന്ന ഈ ഉദ്യോഗസ്ഥയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും വേണ്ട സമയത്ത് അത് പൂര്‍ണമായും മറച്ചുവയ്ക്കുകയും ഇപ്പോള്‍ ഒരു പ്രകോനപും ഇല്ലാതെ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയും ചെയ്തതിനു പിന്നിലുള്ള ലക്ഷ്യം എന്താണ്? ഇതൊക്കെയാണ് ഇപ്പോള്‍ ശ്രീലേഖയ്‌ക്കെതിരെ ഉയരുന്ന ന്യായമായ ചോദ്യങ്ങള്‍.

pix

സര്‍വീസ് കാലയളവില്‍ ഉടനീളം ശ്രീലേഖ ശത്രുപക്ഷത്ത് മറ്റൊരു ഉദ്യോഗസ്ഥരെ പ്രതിഷ്ഠിച്ചിരുന്നു. ആ ഉദ്യോഗസ്ഥയാണ് നടിയെ ആക്രമിച്ച കേസ് ആദ്യം അന്വേഷിച്ചിരുന്നത്. അവരെ കുറ്റക്കാരിയായി ചിത്രീകരിക്കാനാണ് ശ്രീലേഖ ഇപ്പോള്‍ ശ്രമം നടത്തുന്നതെന്നാണ് പൊലീസിന്റെ ഒരു നിഗമനം. പൗരബോധമുള്ള ഒരു സ്ത്രീയെന്ന നിലയില്‍ ദിലീപ് കേസില്‍ കോടതിയില്‍ സാക്ഷിമൊഴി നല്‍കാന്‍ ശ്രീലേഖ തയാറാണോ എന്ന ചോദ്യം നിയവിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല ഇവരുടെ വെളിപ്പെടുത്തല്‍ വളരെ ഗൗരവമേറിയതാണ്. അതിനാല്‍ വ്യാജ തെളിവുണ്ടാക്കിയെന്നു പറയുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയും വേണം. നിലവില്‍ ഇവരുടെ വെളിപ്പെടുത്തല്‍ പൊലീസ് സേനയ്ക്കാകെ നാണക്കേണ് ഉണ്ടാക്കുന്നതാണ്.

സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം സംസ്ഥാന സര്‍ക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള ഈ വെളിപ്പെടുത്തലില്‍ ശക്തമായ അന്വേഷണം വേണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. അതിനായി ശ്രീലേഖയെ കേസില്‍ സാക്ഷിയാക്കണമെന്നും ആവശ്യമുണ്ട്. മറ്റാരെയെങ്കിലും കുടുക്കാനാണോ ശ്രീലേഖയുടെവെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് വിശദമായി അന്വേഷിക്കണമെന്നും നിയമവിദഗ്ധര്‍ ആവശ്യപ്പെടുന്നു. ജോലിയില്‍ നിന്നും വിരമിച്ചാലും സര്‍വീസ് കാലയളവില്‍ ഉണ്ടായ സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന വെളിപ്പെടുത്തല്‍ പിന്നീട് വലിയ വഴിത്തിരിവുകളിലേക്ക് മാറാറുണ്ട്. നക്‌സല്‍ വര്‍ഗീസിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ പൊലീസുകാരനായ രാമചന്ദ്രന്‍ നായര്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം നടത്തിയ വെളിപ്പെടുത്തലാണ് പിന്നീട് ആ സംഭവത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ടത്. സമാനമായ വെളിപ്പെടുത്തലാണ് ശ്രീലേഖയിലൂടെ ഇവിടെയും ഉണ്ടായിരിക്കുന്നത്. ഇനി ഈ കേസിന്റെ ഗതി എങ്ങനെ മാറും എന്നുള്ളത് ഇക്കാര്യത്തില്‍ പൊലീസ് സ്വീകരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ടിരിക്കും.