ശ്രീലങ്കന്‍ സ്വദേശികള്‍ കൊല്ലത്ത് പിടിയിലായ സംഭവത്തില്‍ മനുഷ്യക്കടത്തിന് കേസെടുത്ത് പൊലീസ്.

 
police
ശ്രീലങ്കന്‍ സ്വദേശികള്‍ കൊല്ലത്ത് പിടിയിലായ സംഭവത്തില്‍ മനുഷ്യക്കടത്തിന് കേസെടുത്ത് പൊലീസ്.പിടിയിലായ11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൊളംബോ സ്വദേശിയായ ലക്ഷ്മണന്‍ ആണ് മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നലെ കൊല്ലത്ത് പിടിയിലായ സംഘത്തിലെ രണ്ടുപേര്‍ ലക്ഷ്മണന്റെ സഹായികള്‍ ആണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.അതേസമയം കാനഡയിലേക്ക് കടക്കാനുള്ള സംഘത്തിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. തമിഴ‍്‍നാട്ടിലെ കാരയ്ക്കല്‍ വഴി കാനഡയിലേക്ക് കടക്കാനായിരുന്നു ആദ്യ ശ്രമം. ഓഗസ്റ്റ് 16ന് നടത്തിയ ഈ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാന്‍ ശ്രമിച്ചത്.45 ദിവസത്തിനുള്ളില്‍ ബോട്ട് മാര്‍ഗം കാനഡയില്‍ എത്തിക്കാമെന്ന ഉറപ്പാണ് കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവര്‍ക്ക് ഏജന്റ് നല്‍കിയിരുന്ന ഉറപ്പ്. ഇതിനായി ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചില്‍ എത്തുമെന്നാണ് അഭയാര്‍ഥികളെ അറിയിച്ചത്. രണ്ടര ലക്ഷം രൂപയാണ് ഒരാളില്‍ നിന്ന് കടല്‍ കടത്താന്‍ വാങ്ങിയിരുന്നത്. യുവാക്കളെ മാത്രമാണ് സംഘം പരിഗണിച്ചിരുന്നത്.കൊല്ലത്തെ ലോഡ്ജില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇവരെ പിടികൂടിയത്. ഓഗസ്റ്റ് 19-ന് ശ്രീലങ്കയില്‍ നിന്ന് ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ രണ്ടു പേരെ പിന്നീട് കാണാതായിരുന്നു. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും നടത്തിയ അന്വേഷണമാണ് സംഘത്തെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.