എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്: വി ജോയ്

 
joy

എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ഒരു വർഗ ബഹുജന സംഘടനയിൽ അംഗമാകാൻ എളുപ്പമാണ്. തെറ്റ് ചെയ്യുമ്പോൾ നടപടിയെടുത്ത് തിരുത്തുന്നതാണ് രീതി. തെറ്റ് കാണിച്ചാൽ കർശന നടപടി സ്വീകരിക്കും. തെറ്റ് പരിശോധിച്ച് നടപടിയെടുക്കുമെന്നും വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അച്ചടക്കം നിർബന്ധമായി തുടരുമെന്നും വി ജോയ് കൂട്ടിച്ചേർത്തു. എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി. അതാണ് നടപടി സ്വീകരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വർക്കല എംഎൽഎ വി ജോയിയെ ഇന്നലെയാണ് തിരഞ്ഞെടുത്തത്. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് സെക്രട്ടറി സ്ഥാനത്തേക്ക് വി ജോയിയുടെ പേര് നിർദ്ദേശിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് പല മുതിർന്ന നേതാക്കളുടെയും പേരുകൾ ഉയർന്നുവന്നതോടെ സമവായമെന്ന നിലയിലാണ് വി ജോയിക്ക് ജില്ലാ സെക്രട്ടറിയാകാൻ വഴിയൊരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും നിർണായക യോഗത്തിൽ പങ്കെടുത്തു. 

ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂർ നാഗപ്പനെ കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തത്. സി.പി.എമ്മിലെ കീഴ്‌വഴക്കം അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ജില്ലാ സെക്രട്ടറി സ്ഥാനം കൈകാര്യം ചെയ്യാറില്ല. എന്നാൽ സംസ്ഥാന സമ്മേളനം കഴിഞ്ഞ് 10 മാസം കഴിഞ്ഞിട്ടും ആനാവൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു.