പാരസെറ്റമോൾ ജ്യൂസില്‍ കലര്‍ത്തിയും ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചു

 
ppp
നെയ്യൂരിലെ കോളേജില്‍ വച്ചും ഷാരോണിനെ ജ്യൂസ് ചലഞ്ച് നടത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്മയുടെ മൊഴി. 50 ഓളം പാരസെറ്റമോൾ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തിയാണ് ഷാരോണിന് നല്‍കിയതെന്ന് ഗ്രീഷ്മ അന്വേഷണസംഘത്തിന് മൊഴി നല്‍കി.ഷാരോണിന്റെ കോളേജിലെ ശുചിമുറിയില്‍ വച്ചാണ് ജ്യൂസില്‍ ഗുളികകള്‍ കലര്‍ത്തിയത്.

 സംഭവത്തിന്റെ തലേദിവസം തന്നെ ഗുളികകള്‍ കുതിര്‍ത്ത് കൈയില്‍ കരുതിയിരുന്നു. തുടര്‍ന്ന് കോളേജിലെത്തി ജ്യൂസ് ചലഞ്ച് നടത്തിയ ശേഷം ഷാരോണിന് കുടിക്കാന്‍ കൊടുത്തു. എന്നാല്‍ ജ്യൂസിന് കയ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാരോണ്‍ തുപ്പി കളയുകയായിരുന്നുവെന്ന് ഗ്രീഷ്മ പറഞ്ഞു.


മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ ഗ്രീഷ്മയെ കോളേജില്‍ കൊണ്ടുപോയി തെളിവെടുത്തു. കേസിന്റെ അന്വേഷണവുമായി ഗ്രീഷ്മ സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.


ഇന്ന് കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പില്‍ ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. രാമവര്‍മ്മന്‍ചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും നേരത്തെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു.