ഇത് എൽഡിഎഫിന്റെ നയമല്ല; ബിജു പ്രഭാകറിനെ മാറ്റണം ;കാനം രാജേന്ദ്രൻ

 
cpi

കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ മാറ്റണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗത്തെ തുടർന്നായിരുന്നു കാനത്തിന്റെ പ്രതികരണം.


ഗതാഗത സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിൻ്റെ നിലപാട് അച്ചടക്ക ലംഘനമാണെന്ന് കാനം വിമർശിച്ചു. എൽ.ഡി.എഫിന്‍റെ നയമല്ല സ്വകാര്യവൽക്കരണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെയാണ് എൽ.ഡി.എഫ് പ്രതിഷേധിക്കുന്നത്. സ്വകാര്യവൽക്കരണ നയത്തിനെതിരെ നിലപാട് സ്വീകരിക്കാൻ ബിഎംഎസ് പോലും നിർബന്ധിതരായി. ഈ സാഹചര്യത്തിൽ കേരളത്തിലെ ഒരു ഉദ്യോഗസ്ഥൻ അതിനെ സ്വാഗതം ചെയ്യുകയും സ്വകാര്യവൽക്കരണം മാത്രമാണ് പരിഹാരമെന്ന് പറഞ്ഞത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബിജു പ്രഭാകറിനെ മാറ്റണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. സർക്കാരിനോട് പറയുകയല്ലാതെ മന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ തയ്യാറല്ല. തങ്ങളുടെ നിലപാട് സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.