തൊണ്ടിമുതൽ മോഷണക്കേസ്; മന്ത്രി ആന്‍റണി രാജുവിന് കുരുക്കായി ഇന്‍റർപോൾ റിപ്പോർട്ടും

 
raju

മന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇന്‍റർപോൾ റിപ്പോർട്ട് പുറത്ത്. കേരള പൊലീസിന് ഇന്‍റർപോൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആന്‍റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയത്. ആന്‍റണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരൻ പിന്നീട് ഓസ്ട്രേലിയയിൽ കൊലക്കേസിലും പ്രതിയായിരുന്നു. ഇന്‍റർപോൾ റിപ്പോർട്ട് പുറത്തു വന്നു.

അടിവസ്ത്രത്തിൽ മയക്കുമരുന്ന് കടത്തി പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സാർവലിയെ ആന്‍റണി രാജുവും കോടതി ക്ലർക്കും ചേർത്ത് രക്ഷിച്ച കേസിലെ അട്ടിമറിയാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ആന്‍റണി രാജുവിനെ പ്രതിയാക്കിയുള്ള ആദ്യം കേരള പൊലീസ് അട്ടിമറിച്ചിരുന്നു. തെളിവുണ്ടായിട്ടും അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയ കേസിന് ജീവൻ വെക്കാൻ കാരണം ഇന്‍റർപോൾ റിപ്പോർട്ടാണ്.

ആന്‍റണി രാജുവും കോടതി ക്ലർക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ്തോടെയാണ് ഹൈക്കോടതി ആൻഡ്രൂ വിനെ വെറുതെവിട്ടത്. 1991 ൽ ഇന്ത്യ വിട്ട ആൻ്ഡു ഓസ്ട്രേലിയയിലെത്തിതിന് പിന്നാലെ ഒരു കൊലക്കേസിൽ പ്രതിയായി. ഷെക്കറി ബെല്ല എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആൻഡ്രൂ കൂട്ടുപ്രതി വെസ്ളി ജോണിനോട് ജയിലിൽ കിടക്കുമ്പോൾ കേരളത്തിലെ കേസിൽ രക്ഷപ്പെട്ട വിവരം പറയുന്നു. കോടതി ക്ലർക്കിന് കൈക്കൂലി നൽകി തൊണ്ടി മുതൽ മാറ്റി രക്ഷപ്പെട്ടെന്നാണ് തുറന്ന് പറച്ചിൽ. വെസ്ളി ഇക്കാര്യം മെൽബെൺ പൊലീസിനോട് പറഞ്ഞു.

മെൽബെൺ പൊലീസ് ഇൻറർപോൾ വഴി ആൻഡ്രു രക്ഷപ്പെട്ട കാര്യം കേരള പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. 1996 ജനുവരിയിലായിരുന്നു ഇത്. പക്ഷെ ഇടത് സർക്കാർ ഭരണകാലത്ത് ഈ റിപ്പോർട്ട് ഏറെക്കാലം പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തിവെച്ചു. പിന്നീട് സർക്കാർ മാറിയതോടെ  ദക്ഷിണമേഖാല ഐജി ടിപി സെൻകുമാറാണ് ഇൻറർപോൾ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തൊണ്ടി മുതൽ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്. ഈ അന്വേഷണത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തി. തൊണ്ടി മുതൽ നശിപ്പിച്ചതിന് ആൻറണിരാജുവിനെയും കോടതി ക്ലർക്ക് ജോസിനെയം പ്രതിയാക്കി കുറ്റപത്രം നൽകി. ഇന്‍റർപോൾ വരെ റിപ്പോർട്ട് ചെയ്ത അപൂർവ്വമായ കേസാണിപ്പോൾ  വിചാരണ പോലും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നത്.