തൃശൂർ തട്ടിപ്പ് കേസ്; പ്രതി പ്രവീൺ റാണ പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപെട്ടു

 
rani

തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് ഇൻവെസ്റ്റ്മെന്‍റ് തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണ കലൂരിലെ ഫ്ളാറ്റിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാൻ പൊലീസ് സംഘം ഫ്ലാറ്റിലെത്തിയപ്പോൾ മറ്റൊരു ലിഫ്റ്റ് വഴി ഇയാൾ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രവീൺ റാണയുടെ നാല് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കലൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

പ്രവീൺ റാണ എന്ന കെ.പി.പ്രവീൺ സേഫ് ആൻഡ് സ്ട്രോങ്ങ് എന്ന കമ്പനിയുടെ പേരിൽ വൻ പലിശയും ലാഭവും വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. നിലവിൽ തൃശൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 24 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്തതോടെ പ്രവീൺ ഒളിവിൽ പോവുകയായിരുന്നു.

എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം മൊബൈൽ ഷോപ്പ് നടത്തിയിരുന്ന കെ.പി.പ്രവീൺ പിന്നീട് പ്രവീൺ റാണയായി. കേരളത്തിന് പുറത്തുള്ള പൂട്ടിപ്പോയ ബിസിനസുകൾ ഏറ്റെടുത്ത് നടത്തുകയായിരുന്നു ആദ്യം. പിന്നീട് കർണാടകയിലും തമിഴ്നാട്ടിലും പബ്ബുകൾ തുറന്നു. ഇതിനിടയിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയ റാണ സ്വയം സൃഷ്ടിച്ച സ്റ്റാർഡത്തിന്‍റെ മറവിൽ സേഫ് ആൻഡ് സ്ട്രോംഗ് കമ്പനിയിലേയ്ക്ക് വിപുലമായ നിക്ഷേപങ്ങൾ സ്വീകരിക്കുകയായിരുന്നു.