നാഗർകോവിൽ - കോട്ടയം എക്സ്പ്രസ്സിന്റെ സമയമാറ്റം അനിവാര്യം.

 
train

നാഗർകോവിൽ - കോട്ടയം എക്സ്പ്രസ്സിന്റെ തിരുവനന്തപുരം സെൻട്രലിലെ സമയമാറ്റം അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്ക് ശേഷം വൈകുന്നേരം 05.15 നുള്ള ചെന്നൈ മെയിൽ മാത്രമാണ് നിലവിൽ റെഗുലർ സർവീസ് നടത്തുന്നത്. 02. 35 തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ്സ്‌ 02.50 ന് പുറപ്പെടുന്ന ജനശതാബ്ദിയ്ക്കും മൂന്നുമണിയ്ക്ക് പുറപ്പെടുന്ന ചെന്നൈ മെയിലിനും വേണ്ടി കൊച്ചുവേളിയിലും മറ്റും   പിടിച്ചിടുന്നതിനാൽ ദീർഘ ദൂര യാത്രക്കാർക്ക് ഈ സർവീസ് പ്രയോജനപ്പെടുന്നില്ല. 16366 കോട്ടയം എക്സ്പ്രസ്സിന്റെ സമയം മൂന്നുമണിയ്ക്ക് ശേഷം ക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


തിരുവനന്തപുരം സെൻട്രലിൽ നിന്ന് കേവലം 61 കിലോമീറ്റർ മാത്രമുള്ള കൊല്ലം സ്റ്റേഷനിലേയ്ക്ക് സഞ്ചരിക്കാൻ രണ്ടുമണിക്കൂർ 40 മിനിറ്റാണ് കോട്ടയം എക്സ്പ്രസ്സിന് നൽകിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകി പുറപ്പെട്ടാൽ ഇടയ്ക്കുള്ള അനാവശ്യ പിടിച്ചിടൽ ഒഴിവാകുകയും കൂടുതൽ യാത്രക്കാർക്ക് ഈ സർവീസ് ഉപകാരപ്പെടുകയും ചെയ്യുന്നതാണ്. ദീർഘദൂര സർവീസുകളിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതിനാൽ  അൺ റിസേർവ്ഡ് എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറുകയാണ്.

ജനുവരി 2 മുതൽ കോട്ടയം എക്സ്പ്രസ്സ്‌ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന സമയം 05.20 ലേയ്ക്ക് മാറ്റിയിരുന്നു. കൊല്ലം സ്റ്റേഷനെ ആശ്രയിക്കുന്നവർക്ക് ഈ തീരുമാനം വളരെയേറെ ആശ്വാസകരവും പ്രയോജനകരവുമായപ്പോൾ  തിരുവനന്തപുരം സെൻട്രലിലെ യാത്രക്കാരുടെ ദുരിതത്തിന് ദൈർഘ്യം കൂടുകയായിരുന്നു.ഈ ട്രെയിൻ മൂന്നുമണിയ്ക്ക് ചെന്നൈ മെയിലിനു ശേഷം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കോട്ടയം വരെയുള്ളവർക്ക് ഈ സർവീസ് ഏറെ അനുഗ്രഹമാകുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്സ്‌ ശ്രേണിയിലേയ്ക്ക് ഉയർത്തിയപ്പോൾ നിരക്കിൽ മാത്രം വാർദ്ധനവ് വരുത്തിയ റെയിൽവേ യാത്രക്കാരുടെ സമയത്തിനും മൂല്യം നൽകണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ. അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളേജ്, റീജിയണൽ ക്യാൻസർ സെന്റർ, പോലുള്ള ഹോസ്പിറ്റലിൽ നിന്നും മടങ്ങുന്നവർക്കും സെകട്ടറിയേറ്റ് പോലുള്ള സർക്കാർ ഓഫീസുകളിലെത്തി മടങ്ങുന്നവർക്കും കോട്ടയം എക്സ്പ്രസ്സിന്റെ സമയം മാറ്റുന്നതോടെ വളരെ ഉപകാരപ്രദമാകുന്നതാണ്. പകൽ യാത്രയ്‌ക്ക് കൗണ്ടറിൽ നിന്ന് ഓപ്പൺ സ്ലീപ്പർ ടിക്കറ്റ് സൗകര്യം നിർത്തലാക്കിയ സാഹചര്യത്തിൽ ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ചെന്നെ മെയിൽ, ശതാബ്ദി ട്രെയിനുകളിൽ ആഴ്ചകൾക്ക് മുമ്പേ ടിക്കറ്റ് തീരുന്നതും കോട്ടയം എക്സ്പ്രസ്സിന്റെ ആവശ്യമേറുന്നു.


നാഗർകോവിൽ - കോട്ടയം എക്സ്പ്രസ്സ്‌ കഴിഞ്ഞ ദിവസങ്ങളിൽ 03.15 നാണ് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെട്ടത്. എന്നിട്ടും കൊല്ലത്ത് നിശ്ചിത സമയത്തിനും  മുമ്പേ കൊല്ലത്ത് എത്തിച്ചേരാൻ കഴിഞ്ഞതും അനുകൂലമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. ഈ സമയക്രമം സ്ഥിരപ്പെടുത്തുന്നതിൽ   റെയിൽവേയ്‌ക്ക് തടസ്സമൊന്നുമില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.   ഒപ്പം ഈ സമയക്രമം ശരിവെച്ചാൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഹോസ്പിറ്റലിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവർക്കും കൊച്ചുവേളി,  കഴക്കൂട്ടം, വർക്കല സ്റ്റേഷനിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ളവർക്കും ഏറെ പ്രയോജനപ്പെടുന്നതുമാണ്.  മനുഷ്യത്വപരമായ സമീപനം അധികാരികളിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.