വൈജ്ഞാനിക സമ്പദ് വ്യവസ്ഥ എന്ന നിലയിൽ കേരളം പരിണമിക്കേണ്ട സമയം: എം. വി. ഗോവിന്ദൻ മാസ്റ്റർ

 
pix

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള കേരളം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നി മുന്നേ റേണ്ട സമയമായെന്ന് മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും എം എൽ എ യുമായ എം. വി. ഗോവിന്ദൻ മാസ്റ്റർ. 
സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോർക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണ സംഘം നടത്തുന്ന മെഗാ ട്രേഡ് എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കേരളത്തിൽ അഞ്ചു വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വൈജ്ഞാനിക വ്യവസ്ഥയുമായി ബന്ധപ്പെട്ട തൊഴിലുകൾ ഉദ്യോഗാർഥികളിലേക്ക് എത്തിക്കുന്ന സർക്കാർ പ്രവർത്തനങ്ങൾ ഒക്ടോബർ 2 ന് ആരംഭിക്കുമെന്നും എം. വി ഗോവിന്ദൻ മാസ്റ്റർ എം. എൽ. എ പറഞ്ഞു 


ഒരു വർഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് വരെ 55000 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.  ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുമ്പോൾ അഞ്ചു ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എം. എൽ. എ പറഞ്ഞു. മുൻ ജി. സി. ഡി. എ ചെയർമാൻ സി. എൻ മോഹനൻ അധ്യക്ഷത വഹിച്ചു.   

അഞ്ചു ദിവസങ്ങളിലായി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന എക്സ്പോ സെപ്തംബർ 25ന് അവസാനിക്കും. ഉല്‍പ്പന്ന-സേവനങ്ങള്‍, ബിസിനസ് ഡോക്യുമെന്റേഷന്‍ സേവനങ്ങള്‍, ഉല്‍പ്പന്നാവതരണം, ബിസിനസ് സെമിനാറുകള്‍ തുടങ്ങിയവ മേളയിൽ നടക്കും. 

യന്ത്രസാമഗ്രികള്‍, ഫര്‍ണിച്ചര്‍, യാത്ര-വിനോദ സഞ്ചാരം, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണം, നിര്‍മ്മാണം, സൗന്ദര്യവര്‍ധനം , ഓട്ടോമൊബൈൽ,ആരോഗ്യപരിചരണം, വിവര സാങ്കേതികവിദ്യ,  കൃഷി, വിദ്യാഭ്യാസം,  എന്നിങ്ങനെ തിരിച്ചാണ് സ്റ്റാളുകള്‍ ഒരുക്കിയിക്കുന്നത് .