നഗര വസന്തം ഫൊട്ടോഗ്രഫിയുടെയും വസന്തോത്സവം

പുഷ്പമേള പത്താം ദിവസത്തിലേക്ക്
 
ppp

കനകക്കുന്നിലെ നഗരവസന്തം പുഷ്പങ്ങളുടെയും സസ്യങ്ങളുടെയു സ്വാദിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വെളിച്ചത്തിന്റെയുമൊക്കെ വസന്തമേളയായാണ് സംഘടിപ്പിക്കുന്നത്. സസ്യവൈവിധ്യങ്ങളുടെ പുഷ്‌പോത്സവവും രുചി വൈവിധ്യത്തിന്റെ ഫുഡ്‌കോര്‍ട്ടും നിശാഗന്ധിയിലും സൂര്യകാന്ത്യിലുമായി നൃത്ത സംഗീത വൈവിധ്യങ്ങളുടെ മേളയുമെല്ലാം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പുഷ്‌പോത്സവത്തിലെത്തുന്ന സന്ദര്‍ശകര്‍ മേളയെ മറ്റൊരു രീതിയില്‍ക്കൂടി ആസ്വാദ്യകരമാക്കുകയാണ്. പുഷ്പ സസ്യ പ്രദര്‍ശനത്തിലാകട്ടേ കലാ സാംസ്‌കാരിക പരിപാടികളുടെ വേദിയിലാകട്ടേ ഫുഡ്‌കോര്‍ട്ടിലാകട്ടേ ഫൊട്ടോയെടുക്കുന്നവരുടെ തിരക്കാണ്.

എല്ലാവരും ചേര്‍ന്ന് നഗര വസന്തത്തെ ഫൊട്ടോഗ്രാഫിയുടെകൂടി മേളയാക്കിയിരിക്കുന്നു. സെല്‍ഫികളും, ഗ്രൂപ് ഫൊട്ടോകളും, പൂക്കളുടെയും ഇന്‍സ്റ്റാലേഷനുകളുടെയും ഫൊട്ടോകളും, അങ്ങിനെ എവിടെത്തിരിഞ്ഞാലും ഫൊട്ടോഗ്രാഫര്‍മാരും ഫൊട്ടോക്ക് പോസ് ചെയ്യുന്നവരുമാണ്. പുഷ്‌പോത്സവത്തില്‍ പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്ന പൂക്കള്‍ക്കും ഇന്‍സ്റ്റാലേഷനുകള്‍ക്കും രാത്രികാലങ്ങളിലെ വൈദ്യുത ദീപാലങ്കാരത്തിനുമൊപ്പം ഫൊട്ടോയെടുക്കാന്‍ ആദ്യ ദിവസം മുതല്‍ സന്ദര്‍ശകരുടെ തിരക്കാണ്. ഇതിനെല്ലാം പുറമേ മേളയില്‍ പലയിടത്തും ക്രമീകരിച്ചിട്ടുള്ള അലങ്കരിച്ച കവാടങ്ങളും രൂപങ്ങളുമെല്ലാം ഫൊട്ടോ ഫ്രെയ്മുകളായി മാറുന്ന കാഴ്ചയാണ് കാണുന്നത്. കനകക്കുന്നിന്റെ പ്രധാന കവാടത്തിലെ ദീപാലങ്കാരങ്ങളെല്ലാം മേളയുടെ ആദ്യദിവസം മുതല്‍ ഫൊട്ടോഫ്രെയ്മുകളായി മാറിയിരുന്നു.

ppp

ഓരോ ദിവസവും പുതിയ പുതിയ ഫൊട്ടോഫ്രെയ്മുകളും ബാക്ഗ്രൗണ്ടുകളും കണ്ടെത്തുകയാണ് സന്ദര്‍ശകര്‍. ഇത്തരം പോയന്റുകളില്‍ ഒരാള്‍ ഫൊട്ടോയെടുത്തുമാറിയാലുടന്‍ അടുത്തയാള്‍ ഫൊട്ടോയെടുക്കാന്‍ കാത്തുനില്‍ക്കുന്ന സ്ഥിതിയാണ്. ഇത്തരം ഫൊട്ടോകളിലൂടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളായും സ്റ്റാറ്റസുകളായും സോഷ്യല്‍ മീഡിയയിലും നഗരവസന്തത്തിന്റെ ചന്തം നിറയുകയാണ്. മൊബൈല്‍ ഫൊട്ടോഗ്രഫി സര്‍വ്വസാധാരണമായതിനാല്‍ നഗര വസന്തത്തില്‍ നിന്നും ശേഖരിച്ച ഓര്‍മ്മച്ചിത്രങ്ങളുമായാണ് മേളയിലെത്തുന്ന മിക്കവരും തിരിച്ചുപോകുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ റീലുകള്‍ പോസ്റ്റുചെയ്യുന്നിനു വേണ്ടി ചെറിയ വിഡിയോകള്‍ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ് യുവാക്കളേയും മേളയില്‍ കാണാം. മേളയിലേക്ക് ക്യാമറ കൊണ്ടുവരുന്നതിനു നിയന്ത്രണമില്ലാത്തതിനാല്‍ ഡിജിറ്റല്‍ ക്യാമറകളുമായെത്തി കുറച്ചുകൂടി ഗൗരവമായി ഫൊട്ടോയെടുക്കുന്നവരും നിരവധിയാണ്. നഗര വസന്തം ഇന്ന് 10ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഉദ്ഘാടന ദിവസം സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം തലസ്ഥാന ജനത നഗര വസന്തത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.