ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ കോച്ച് തൂങ്ങിമരിച്ച നിലയില്‍

 
obit
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ സഹപരിശീലക തൂങ്ങിമരിച്ച നിലയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനി ജയന്തി(26)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

വെള്ളിയാഴ്ച രാവിലെ അക്കാദമിയിലെ വിദ്യാര്‍ഥികളാണ് കോച്ചിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂർ സ്വദേശിനിയായ ജയന്തി ഒന്നര വർഷം മുമ്പാണ് ഫീൽഡിനങ്ങളിൽ കായിക പരിശീലനം നൽകാനായി അസിസ്റ്റന്റ് കോച്ചായി കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിൽ ചേർന്നത്. കംപ്യൂട്ടർ സയൻസിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2016 ൽ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ഹെപ്റ്റാത്തലണിൽ ജയന്തി നേടിയ റെക്കോർഡ് ഇപ്പോഴും അവരുടെ പേരിൽ തന്നെ നിലനിൽക്കുന്നുണ്ട്.

ബംഗളൂരുവിൽ എൻ.ഐ.എസ് കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ഉഷാ സ്ക്കൂളിൽ ചുമതലയെടുത്തത്. ഇവിടെയുള്ള 27 കുട്ടികൾക്ക് പരിശീലനം നൽകി വരികയായിരുന്നു. പരേതനായ പളനിസ്വാമിയുടെയും കവിതയുടെയും മകളാണ്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.