വി. ജോയ് സിപി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചപ്പോഴാണ് പുതിയ ജില്ലാ സെക്രട്ടറിയെ സി.പി.എം തേടിയത്

 
Joy

വർക്കല എം.എൽ.എ വി. ജോയ് സിപി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. അൽപ്പ സമയം മുമ്പ് എ.കെ.ജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സംസ്ഥാന സെക്രടറിയേറ്റ് അംഗമായി ഇത്തവണയാണ് ആനാവൂർ നാഗപ്പൻ എത്തിയത്. ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചപ്പോഴാണ് പുതിയ ജില്ലാ സെക്രട്ടറിയെ സി.പി.എം തേടിയത്.

 

സംസ്ഥാന സമ്മേളനം കഴിഞ്ഞ് പത്ത് മാസത്തോളമായിട്ടും ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. തിരുവനന്തപുരം സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന ഉൾപ്പോരായിരുന്നു ആനാവൂരിന് പകരക്കാരനെ കണ്ടെത്തുന്നതിൽ ഏറ്റവും വലിയ വെല്ലുവിളി. ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി എന്നിവരാണ് സിപിഎമ്മിന്റെ തലസ്ഥാനത്തെ നേതൃമുഖങ്ങൾ.

കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് 'പ്രതിസ്ഥാനത്ത്' നിൽക്കുന്നയാളാണ് ആനാവൂർ നാഗപ്പൻ. വിവാദം സിപിഎമ്മിന് കടുത്ത അവമതിപ്പ് ഉണ്ടാക്കിയതായി വിലയിരുത്തലുണ്ട്. ആ ഘട്ടത്തിൽ തന്നെ ആനാവൂരിനെ മാറ്റണമെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും ജനുവരി 15ന് നടക്കുന്ന മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

joy

തീരദേശത്തിന്റെ പോരാട്ടവീര്യം വി.ജോയി  

:ജില്ലയിലെ തീരദേശ ഗ്രാമമായ ചിറിയിൻകീഴിലെ അഴൂരിൽ നിന്നുയർന്ന് ജില്ലയിലെ പ്രമുഖ സി.പി.എം നേതാവായി അഡ്വ.വി.ജോയി. എം.എൽ.എ

അത്രകണ്ടുറപ്പില്ലാത്ത വർക്കല നിയോജകമണ്ഡലത്തിലേക്ക് 2016ൽ സ്ഥാനാർത്ഥിയായി എത്തുകയും രണ്ടായിരത്തിലധികം വോട്ടുകൾക്ക് പിടിച്ചെടുക്കുയും രണ്ടാമൂഴത്തിൽ പതിനേഴായിരത്തിലധികം ഭൂരിഭക്ഷത്തിൽ  മണ്ഡലം പിടിച്ചടക്കുകയും ചെയ്തിരുന്നു ജോയി. ഈ പോരാട്ടവീര്യം കൂടി പരിഗണിച്ചാണ് കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജോയി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ്  അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ സംസ്ഥാന സമിതിയംഗമായി സി.പി.എമ്മിലെ പ്രമുഖ നേതൃനിരയിലേക്കും ഉയർന്നു.

ചിറയിൻകീഴ് ശ്രീചിത്തിര വിലാസം സ്കൂൾ ലീഡർ, ചെമ്പഴന്തി എസ്.എൻ കോളേജിൽ നിന്നും തുടർച്ചയായി രണ്ട് വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ,കേരള സർവ്വകലാശാല യൂനിയൻ എക്സിക്യൂട്ടീവ് അംഗം,സെനറ്റ് അംഗം,എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ,ജില്ലാ സെക്രട്ടറി,ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റായും സംഘടനാ പ്രവർത്തനത്തിൽ മികവു തെളിയിച്ചു. രണ്ടുതവണ അഴൂർ ഗ്രാമപഞ്ചായത്തിലേക്ക് മൽസരിക്കുകയും രണ്ടു തവണയും പ്രസിഡന്റാവുകയും ചെയ്തു. തുടർന്ന്  ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മൽസരിച്ച് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

joy

കുമാരനാശാൻ സ്മാരക ഗവേണിംഗ് ബോർഡംഗം, പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് , ജില്ലാ  സഹകരണ ബാങ്ക് ഡയറക്ടർ  ബോർഡ് മെമ്പർ, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  ഇപ്പോൾ കേരള പ്രൈമറി കോപ്പറേറ്റീവ്  സൊസൈറ്റീസ്  അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ആണ്. കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും, കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ആയും പ്രവർത്തിക്കുന്നു.

ജില്ലാ പഞ്ചായത്ത് അംഗമാതിരിക്കെയാണ് 2016 ൽ നിയമസഭാ സ്ഥാനാർത്ഥിയായി പാർട്ടി വർക്കല മണ്ഡലത്തിൽ നിയോഗിച്ചത്. 

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തന കാലത്ത് മിന്നുന്ന പോരാട്ട വീര്യം കാണിച്ച ജോയിക്ക് സമരമുഖത്തു നിന്നും പോലീസിന്റെ ക്രൂരമായ മർദ്ദനങ്ങളും ഉണ്ടായിട്ടുണ്ട്.സെക്രട്ടേറിയറ്റിന് മുന്നിലെ ഒരു സമരകാലത്ത് പോലീസിന്റെ ചവിട്ടേറ്റ് നിലത്തു വീണ ജോയിയുടെ മുഖത്ത് പോലീസ് ബൂട്സിട്ട് ചവുട്ടിയും കൊടിയ മർദ്ദനമേൽപ്പിച്ചിട്ടുണ്ട്.അന്ന് താടിയെല്ലുകൾക്കുണ്ടായ പൊട്ടലിന്റെ കെടുതികൾ ജോയി ഇന്നും അനുഭവിക്കുന്നുണ്ട്.

അഴൂർ, പെരുങ്ങുഴി സൗഹൃദത്തിൽ പരേതരായ വിജയൻ്റെയും ഇന്ദിരയുടെയും മകനാണ് അഡ്വ:വി ജോയി. ബിഎ, എൽ.എൽ.ബി ബിരുദധാരിയാണ് അൻപത്തിനാലുകാരനായ വി.ജോയി. സുനിതയാണ് ഭാര്യ. ആര്യ, ആർഷ എന്നിവർ മക്കളാണ്.