വഫയുടെ വിടുതല്‍ ഹരജിയില്‍ വിധി 14ന് കെ എം ബഷീര്‍ കൊലപാതകം: വാഹനമോടിച്ചതായി സമ്മതിച്ച് ശ്രീറാം

പ്രതി ഹാജരാകാതെ വാദം കേള്‍ക്കാനാകില്ലെന്ന് കോടതി
 
KNB

സിറാജ് തിരുവനന്തപുരം യൂനിറ്റ്  ചീഫ്  കെ  എം ബഷീറിനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രധാന പ്രതി ശ്രീറാം അപകടമുണ്ടാക്കിയ വാഹനമോടിച്ചതായി കോടതിയില്‍ സമ്മതിച്ചു. വിടുതല്‍ ഹര്‍ജിയിലെ പ്രാരംഭ വാദത്തിനിടയാണ് താന്‍ മദ്യപിച്ചതായി തെളിവില്ലെന്നും അതിനാല്‍ വാഹനാപകടത്തിന്റെ വകുപ്പുകള്‍ മാത്രമേ നിലനില്‍ക്കുവെന്നും കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ പ്രതി എവിടെയെന്ന് ചോദിച്ച കോടതി പ്രതിഹാജരാകാതെ വാദം കേള്‍ക്കാനാകില്ലെന്നും അറിയിച്ചു. തുടര്‍ന്നാണ് ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി അടുത്ത മാസം 14 ലേക്ക് മാറ്റിയത്. നിലവിലുള്ള കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും മദ്യപിച്ചതിന് തെളിവില്ലെന്നും വാദിച്ച ശ്രീറാമിന്റെ അഭിഭാഷകന്‍ വിചാരണ കൂടാതെ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയില്‍ ഇന്നലെ പ്രാരംഭ വാദം മാത്രമാണ് കോടതി കേട്ടത്. വിചാരണ കോടതിയായ തിരുവനന്തപുരം  ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ മുമ്പാകെയാണ്  ഹരജി ബോധിപ്പിച്ചത്.


മദ്യപിച്ചു വാഹനമോടിച്ചാല്‍ മറ്റുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെ വാഹനമോടിച്ച് ബൈക്ക് യാത്രികനായ ബഷീറിനെ കൊലപ്പെടുത്തി നരഹത്യ കുറ്റം ചെയ്തുവെന്നാണ് തനിക്കെതിരായ കുറ്റാരോപണം. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നായിരുന്നു ശ്രീറാം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.  മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ്  185 ( മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം) നിലനില്‍ക്കണമെങ്കില്‍ 100 മി.ലി. രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ് നിയമമെന്നിരിക്കെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13ാം രേഖയായ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍  തന്റെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നതെന്നും 2019 ലെ ഹൈക്കോടതി ജാമ്യ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നതായും ബോധിപ്പിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ ആക്ഷേപം വന്നശേഷം വിശദ വാദം ഒക്ടോബര്‍ 14 ന് കേള്‍ക്കാമെന്ന് ജഡ്ജി കെ സനില്‍കുമാര്‍ ഉത്തരവായി. 


ഇന്നലെ വഫ മാത്രമാണ് കോടതിയില്‍ ഹാജരായത്. രണ്ടാം പ്രതിയും വാഹനത്തിന്റെ ഉടമസ്ഥയുമായി വഫയുടെ വിടുതല്‍ ഹരജിയില്‍ വിധി പറയുന്നതും കോടതി മാറ്റി. തന്നെ വിചാരണ ചെയ്യാന്‍ മതിയായ  തെളിവില്ലെന്നായിരുന്നു നേരത്തെ വഫാ വിചാരണ കോടതിയെ ബോധിപ്പിച്ചിരുന്നത്. താന്‍ ശ്രീറാം വിളിച്ചതനുസരിച്ച് ലിഫ്റ്റ് നല്‍കാനായി വാഹനവുമായി പോകുക മാത്രമാണ് ചെയ്തതെന്നും മദ്യപിച്ച് വാഹനമോടിക്കാന്‍ താന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ വഫ അപകട കൃത്യത്തിന് ശേഷം സ്ഥലത്തെത്തിയ   74 ആം സാക്ഷിയായ മ്യൂസിയം എസ് ഐ മാത്രമാണ് തന്റെ സാന്നിധ്യം പറയുന്നതെന്നും വാദിച്ചിരുന്നു. എന്നാല്‍ ശ്രീറാമിനെ തടയാതെ ഡ്രൈവിംഗ് സീറ്റ് നല്‍കി  മനഃപൂര്‍വം വഫ ശ്രീറാമിനെ കൃത്യത്തിന് സഹായിക്കുകയും ഉത്സാഹിയായും  ഗൂഢാലോചന നടത്തിയും  പ്രേരണക്കുറ്റത്തിനൊപ്പം കൃത്യവിലോപവും ചെയ്ത തെളിവു നശിപ്പിക്കല്‍ കുറ്റവും നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍  ബോധിപ്പിച്ചിരുന്നു.