റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് വനിതകൾ

സാക്ഷരതാ മിഷനും കുടുംബശ്രീയും പ്ലോട്ടിൽ
 
RDP
RDP

 റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീശക്തിയും നാടോടി നാടന്‍കലാ പാരമ്പര്യവും പ്രദർശിപ്പിക്കുന്ന പ്ലോട്ടുമായി കേരളം. 24 അംഗ വനിതാ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് കലാവതരണം നടത്തുക. കേരളത്തിൽ നിന്ന് ആദ്യമായി ഒരു ഗോത്രനൃത്തവും അരങ്ങേറുന്നുണ്ട്. കളരിപ്പയറ്റ്, ശിങ്കാരി മേളം എന്നിവയും അണിനിരക്കും. സാക്ഷരതാ മിഷനും കുടുംബശ്രീ പദ്ധതിയും നിശ്ചല ദൃശ്യത്തിൽ ഉയർത്തിക്കാട്ടും.

ബേപ്പൂർ ഉരുവിന്‍റെ മാതൃകയിലാണ് പ്ലോട്ട് തയ്യാറാക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു മാതൃകയും ഉണ്ട്. 96-ാം വയസിൽ സാക്ഷരതാ പരീക്ഷ പാസായി 2020ൽ നാരീശക്തി പുരസ്കാരം നേടിയ ചേപ്പാട് സ്വദേശിനി കാർത്ത്യായനിയമ്മയുടെ പ്രതിമയാണ് നിശ്ചലദൃശ്യത്തിനു മുന്നിലുള്ളത്.

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തിൽ അട്ടപ്പാടി ഗോത്ര കലാമണ്ഡലത്തിലെ കലാകാരികളാണ് ഇരുള നൃത്തം അവതരിപ്പിക്കുന്നത്. ഡൽഹി നിത്യചൈതന്യ കളരിസംഘത്തിലെ ബി എൻ ശുഭയും മകൾ ദിവ്യശ്രീയും കളരിപ്പയറ്റ് അവതരണം നടത്തും. കണ്ണൂർ പാപ്പിനിശ്ശേരിയിലെ കുടുംബശ്രീയുടെ സപ്തവർണ സംഘമാണ് ശിങ്കാരി മേളക്കാർ.