പൊന്നമ്പലമേട്ടിൽ കയറി അനധികൃത പൂജ നടത്തിയ തമിഴ്നാട് സ്വദേശിക്കെതിരെ കേസ്
ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി
Updated: May 16, 2023, 16:19 IST

വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല.
ശബരിമലയുടെ ഭാഗമായ പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്നാട് സ്വദേശിക്കെതിരെ വനംവകുപ്പ് കേസെടുത്തു. തമിഴ്നാട് സ്വദേശി നാരായണനെതിരെയാണ് കേസ്. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലാണ് അനധികൃതമായി വനത്തിൽ കയറിയതിന് കേസെടുത്തിരിക്കുന്നത്. ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. സംഭവത്തിൽ ദേവസ്വംമന്ത്രി അടിയന്തിര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് മേധാവിക്കും പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.