ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷിക്കണം; സര്‍ക്കാര്‍ ശ്രമിക്കുന്നത് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാന്‍; പ്രതിപക്ഷ നേതാവ്

ചൂഷണം അവസാനിപ്പിക്കാന്‍ നടപടി ഇല്ലെങ്കിലും സിനിമ കോണ്‍ക്ലേവ് നടത്തുമെന്നു പറയുന്ന സാംസ്‌കാരിക മന്ത്രിയെ കേരളം വിലയിരുത്തും
 
V D

ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നാലര വര്‍ഷം മുന്‍പ് കിട്ടിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അന്ന് വായിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കാമായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള ലൈംഗിക ചൂഷണമാണ് നടന്നിരിക്കുന്നത്. എന്നിട്ടാണ് ഈ റിപ്പോര്‍ട്ട് വച്ച് ഒരു സിനിമ കോണ്‍ക്ലേവ് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി പറയുന്നത്. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും കോണ്‍ക്ലേവാണോ നടത്തേണ്ടത്? ആരെയാണ് മന്ത്രി വിഡ്ഢികളാക്കുന്നത്? ചൂഷണം അവസാനിപ്പിക്കാന്‍ നടപടി ഇല്ലെങ്കിലും സിനിമ കോണ്‍ക്ലേവ് നടത്തുമെന്നു പറയുന്ന മന്ത്രിയെ കേരളം വിലയിരുത്തട്ടെ. 

സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ഇരകളുടെയല്ല, വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഒരു തൊഴിലിടത്ത് നടന്ന ചൂഷണ പരമ്പരയാണ്. നാലര വര്‍ഷം റിപ്പോര്‍ട്ടിന് മേല്‍ അടയിരുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. ക്രിമിനല്‍ കുറ്റങ്ങളുടെ പരമ്പര മറച്ചുവച്ചതിലൂടെ ഗുരുതര കുറ്റകൃത്യം ചെയ്ത സര്‍ക്കാര്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ആരാണ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്? ഏത് പരുന്താണ് സര്‍ക്കാരിനും നീതിന്യായ വ്യവസ്ഥയ്ക്കും മേല്‍ പറക്കുന്നത്? 

കേസെടുക്കാന്‍ പുതുതായി പരാതി നല്‍കേണ്ട കാര്യമില്ല. ഇത്രയും വലിയൊരു പരാതിയുടെ കൂമ്പാരം നാലരക്കൊല്ലമായി സര്‍ക്കാരിന്റെ കയ്യില്‍ ഇരിക്കുകയല്ലേ. എന്നിട്ടും സര്‍ക്കാര്‍ അത് മറച്ചുവച്ചു. സിനിമയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കുറ്റകൃത്യം അന്വേഷിച്ചേ മതിയാകൂ. വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. 

സര്‍ക്കാരിലെ ഉന്നതര്‍ റിപ്പോര്‍ട്ട് വായിച്ചിട്ടും നാലര വര്‍ഷമായി നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണ്? സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പോലും പരാതിക്കാരിയെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ഈ കേസില്‍ സര്‍ക്കാരിന് കുറെ ആള്‍ക്കാരെ സംരക്ഷിക്കണം. ഇരകളായത് സ്ത്രീകളാണ്. ക്രിമിനല്‍ കുറ്റകൃത്യം ചെയ്തവരെ പോലെ കുറ്റകൃത്യം മറച്ചുവച്ച സര്‍ക്കാരും ജനങ്ങള്‍ക്ക് മുന്നില്‍ കുറ്റവിചാരണം ചെയ്യപ്പെടും. 

കേസെടുക്കാന്‍ പറ്റില്ലെന്നു പറയുന്ന പൊലീസ് ഇരകളുടെ ആരുടെയെങ്കിലും മൊഴി എടുത്തിട്ടുണ്ടോ? റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ച സാംസ്‌കാരിക മന്ത്രി റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട 60 പേജുകള്‍ കാണേണ്ടെന്നു വച്ചതാണോ. വേട്ടക്കാരായവര്‍ സര്‍ക്കാരിന് വേണ്ടപ്പെട്ടവരായതു കൊണ്ടാണോ ആ പേജ് വായിക്കാതെ പോയത്? സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചില്ലെന്നു പറയാന്‍ മന്ത്രിക്ക് നാണമാകില്ലേ? മന്ത്രി ഗണേഷ് കുമാറിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അദ്ദേഹം അതേക്കുറിച്ച് നിലപാട് പറയട്ടെ. അതിന് ശേഷം അതേക്കുറിച്ച് പറയാം. 

മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെ താല്‍പര്യം എന്താണെന്ന് വ്യക്തമാക്കണം. കേസെടുത്തില്ലെങ്കില്‍ നിയമപരമായി നേരിടുന്നതിനെ കുറിച്ച് ആലോചിക്കും.