കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്‌സില്‍ വൻ തീപ്പിടിത്തം

 
fair

കോഴിക്കോട് പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സില്‍ വൻ തീപിടിത്തം. രാവിലെ 6.15-ഓടെയാണ് തീ പടര്‍ന്നത്. തീയണയ്ക്കാനുള്ള ശ്രമം അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ഷോർട്ട് സർ‌ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. 

പുറത്തുനിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്കകത്ത് തീ ആളിക്കത്തുകയാണ്. കട രാവിലെ തുറക്കുന്നതിനു മുൻപായതിനാൽ ആളപായമില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

നിലവില്‍ 12 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടെ മുകളില്‍നിന്ന് ശബ്ദം കേട്ടാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിത്തത്തില്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം. കടയുടെ ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്.

വിഷു, പെരുന്നാൾ കാലമായതിനാൽ വൻ സ്റ്റോക്ക് ഉള്ളിലുണ്ടെന്നു സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ക്ക് കടയുടെ ഉള്ളിലേക്ക് കയറുന്നതിനുള്ള ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുറത്തുനിന്ന് വെള്ളം പമ്പുചെയ്ത് തീയണയ്ക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. പിന്നീട് കടയുടെ പുറംഭാഗത്തുകൂടി മുകളിലേയ്ക്കു കയറി തീയണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിരക്ഷാംഗങ്ങള്‍.