കുട്ടികളുടെ മാതൃകാ നിയമസഭ ഇന്ന് (ഒക്ടോബർ 26) മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

 
Sivankutty

നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന കുട്ടികൾ നയിക്കുന്ന മാതൃകാ നിമസഭ ഇന്ന് (2023 ഒക്ടോബർ 26) നടക്കും. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന മാതൃകാ നിയമസഭയിൽ 140ൽ അധികം കുട്ടികൾ പങ്കെടുക്കും. മാതൃകാ നിയമസഭയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസം-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി നിർവഹിക്കും. ​നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ, നിയമസഭാ സെക്രട്ടറി എം.എം ബഷീർ തുടങ്ങിയവർ പങ്കെടുക്കും. 

പ്രമേയ അവതരണം, അടിയന്തര പ്രമേയം, ചോദ്യോത്തര വേള, ശൂന്യ വേള, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് മാതൃകാ നിയമസഭ. തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ഇതിൽ പങ്കെടുക്കുന്നത്. നിയമസഭയുടെ തനതു മാതൃകയിൽ കുട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ട് ഭാഗങ്ങളായി തിരഞ്ഞാണ് മാതൃകാ നിയമസഭ നടത്തുക.  മാതൃക നിയമസഭയ്ക്ക് മുന്നോടിയായി നിയമസഭാ നടപടികൾ മനസ്സിലാക്കി കൊടുക്കുന്നതിന് രണ്ട് ദിവസത്തെ പരിശീലനവും കുട്ടികൾക്ക് നൽകിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം റിഹർഴ്സലും നടത്തിയിരുന്നു. 

സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സഭാ അം​ഗങ്ങൾ തുടങ്ങി ഒരു നിയമസഭ നടക്കുമ്പോൾ സഭയ്ക്കകത്തുള്ള 
വാച്ച് ആൻഡ് വാർഡ് അടക്കമുള്ളവരെ കുട്ടികൾ പ്രതിനിധീകരിക്കും. വിദ്യാർഥികളെ സംഘങ്ങളായി തിരിച്ച്, ചർച്ചകളിലും മറ്റും പങ്കെടുപ്പിച്ചാണ് അതാത് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്. മാതൃകാ നിയമസഭ സഭാ ടിവി പിന്നീട് സംപ്രേഷണം ചെയ്യും.