പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന അധ്യാപക കൂട്ടായ്മ (ക്ലസ്റ്റർ യോഗങ്ങൾ) നാളെ നടക്കും.

 
Sivankutty

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ എൽ പി , യു പി, എച്ച് എസ് വിഭാഗം അധ്യാപകരുടെയും പങ്കാളിത്തത്തോടെ ഏകദിന അധ്യാപക കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു. 

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് അധ്യാപക കൂട്ടായ്മകൾ നടക്കുന്നത്. 

സംസ്ഥാന തലത്തിൽ  പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി മുതൽ എ ഇ ഒ മാർ വരെയുള്ള  ഉദ്യോഗസ്ഥരുടെ ഏകദിന ശില്പശാല മന്ത്രി  കൂടി പങ്കെടുത്ത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.  

കഴിഞ്ഞ അവധിക്കാല അധ്യാപക സംഗമത്തിൽ ചർച്ച ചെയ്ത വിഷയങ്ങളും ക്ലാസ് തലങ്ങളിൽ നടന്ന പ്രവർത്തനങ്ങളും ആദ്യപാദ മൂല്യനിർണയ വിശകലനത്തിലൂടെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും  അധ്യാപക കൂട്ടായ്മയിൽ മുഖ്യമായും ചർച്ച ചെയ്യപ്പെടുന്നു. 

ദേശീയ തലത്തിൽ നടത്തുന്ന NAS (നാഷണൽ അച്ചീവ്മെന്റ് സർവ്വേ ) SEAS ( സ്റ്റേറ്റ് എഡ്യൂക്കേഷണൽ അച്ചീവ്മെന്റ് സർവ്വേ ) മുതലായ സർവ്വേകൾ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിചയപ്പെടുത്തുന്നതാകും ഇത്തവണത്തെ അധ്യാപക കൂട്ടായ്മയുടെ പ്രഥമ പരിഗണന വിഷയം.

എൽ പി വിഭാഗത്തിൽ 5 7 5 1 8 അധ്യാപകരും , യുപി വിഭാഗത്തിൽ 4 1 7 8 3 അധ്യാപകരും , ഹൈസ്കൂൾ വിഭാഗത്തിൽ 4 5 5 4 3 എണ്ണം അധ്യാപകരുമാണ് സംഗമത്തിന്റെ ഭാഗമാകുന്നത് . ഓരോ കുട്ടിയുടെയും പഠന മികവ് ഉറപ്പുവരുത്തുന്നതിന് നിലനിർണയത്തിന്റെ ആവശ്യകതയിലുള്ള പ്രവർത്തനങ്ങൾ സംഗമത്തിൽ ഉണ്ടാകും 

എൽ.പി വിഭാഗം അധ്യാപകർ ക്ലാസ് അടിസ്ഥാനത്തിൽ ക്ലസ്റ്റർ തലത്തിലാണ് പങ്കെടുക്കുന്നത്. 

യു പി വിഭാഗം അധ്യാപകർ ബി ആർ സി തലങ്ങളിലും 
ഹൈസ്ക്കൂൾ വിഭാഗം അധ്യാപകർ  വിദ്യാഭ്യാസ ജില്ലാ ക്രമത്തിലുമാകും ക്ലസ്റ്റർ അധ്യാപക കൂട്ടായ്മയിൽ പങ്കാളികളാകുക. 

ഒന്നാം പാദവാർഷിക മൂല്യനിർണയ ഫലങ്ങൾ വിശകലനം ചെയ്ത് ഓരോ കുട്ടിയുടെയും പഠനനില നിർണയിക്കുന്നതിനും പഠന പരിമിതികൾ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനുമുള്ള ഇടപെടലുകൾക്കായി അധ്യാപകരുടെ  ശാക്തീകരണവും കൂട്ടായ്മയും ലക്ഷ്യമിടുന്നു.

 ഓരോ പഠന നേട്ടവുമായി ബന്ധപ്പെട്ട് കുട്ടി ആർജിക്കേണ്ട ശേഷികൾ കൃത്യപ്പെടുത്തുകയും അവ ഓരോ കുട്ടിയും നേടുന്നതിന് ആവശ്യമായ പഠന പിന്തുണ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പദ്ധതികളും തയ്യാറാക്കും. 

 വരും മാസങ്ങളിലെ അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. പൊതു വിദ്യാഭ്യാസത്തിനു കീഴിലുള്ള എല്ലാ മേഖലയിലും ഉൾപ്പെട്ട കുട്ടികളെയും ചേർത്തുപിടിക്കുന്നതിനും അവരിൽ  ഉയർന്ന ശേഷികളും മികവുകളും വർദ്ധിപ്പിക്കുന്നതിനുമുള്ള ക്രിയാത്മക ആസൂത്രണങ്ങൾക്കും അധ്യാപക കൂട്ടായ്മ വേദിയാകും