തോട്ടം മേഖലയിലെ സ്ത്രീകള്‍ക്കായി പൊതുഅദാലത്ത് സംഘടിപ്പിക്കും: വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുടുംബജീവിതത്തെ ശിഥിലമാക്കുന്നു;
സംയുക്ത ബോധവത്ക്കരണത്തിനൊരുങ്ങി വനിത കമ്മിഷന്‍
 
P sathi

തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് പൊതുഅദാലത്ത് സംഘടിപ്പിക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇടുക്കി  കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. തൊഴിലിടങ്ങളില്‍ നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം ഉറപ്പുവരുത്തേണ്ടതുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.40 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, ഗാര്‍ഹിക പ്രശ്‌നങ്ങള്‍, ഭാര്യാ ഭര്‍തൃ തര്‍ക്കം, ഭര്‍തൃമാതാവും യുവതിയും തമ്മിലുണ്ടായ തര്‍ക്കം എന്നിവ കമ്മീഷന് മുന്നില്‍ എത്തി.  ഇതില്‍ 10 പരാതികള്‍ തീര്‍പ്പാക്കി. ഒരു കേസ് പോലീസ് റിപ്പോര്‍ട്ടിനായും രണ്ട് കേസുകള്‍ വണ്‍ സ്റ്റോപ് സെന്ററിനും വിട്ടു. ഒരു പരാതിയില്‍ പരാതിക്കാരിക്ക് പരിരക്ഷ ഉറപ്പു വരുത്തുന്നതിനായി വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസറുടെ പരിഗണയ്ക്ക് കൈമാറി. 26 കേസുകള്‍ അടുത്ത ഹിയറിങ്ങിനായി മാറ്റി വച്ചു. ഇടുക്കി ജില്ലയില്‍ കമ്മീഷന് മുന്നില്‍ എത്തുന്ന കേസുകള്‍ കുറവാണെന്നും  ബോധവത്കരണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.  കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സിലര്‍ മെറിന്‍ പോള്‍, വനിതാ പോലീസ് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും കുടുംബജീവിതത്തെ ശിഥിലമാക്കുന്നുവെന്നും പോലീസ്, എക്സൈസ്, തദ്ദേശ സ്ഥാപനങ്ങള്‍, ജാഗ്രതാ സമിതി എന്നിവയുമായി ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നല്‍കുമെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ്  മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗം. 30 നും 40 നും ഇടയിലുള്ളവരില്‍ വിവാഹ ബന്ധം വേര്‍പിരിയുന്നത് വര്‍ധിച്ചു വരികയാണ്. ഇവര്‍ക്കിടയില്‍ ഗാര്‍ഹിക പീഡനവും സൈബര്‍ കുറ്റ കൃത്യങ്ങളും വര്‍ധിക്കുന്നു.  കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനു മുന്‍പേ പരിഹാരം കണ്ടെത്തുന്നതിന് ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം നടന്നു വരികയാണെന്നും  കമ്മീഷന്‍ അംഗം പറഞ്ഞു. സ്‌കൂളുകളിലും കോളജുകളിലും തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് തലത്തിലുമായി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് കമ്മിഷന്‍ ബോധവത്ക്കരണം നല്‍കി വരുന്നുണ്ട്. 


    വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ വിവാഹത്തിന് മുന്‍പും ശേഷവുമുള്ള കൗണ്‍സിലിംഗ് നല്‍കി വരുന്നുണ്ട്. വിവാഹ രജിസ്‌ട്രേഷന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവാഹ പൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ജാഗ്രതാ സമിതികള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത്.  ജില്ലയില്‍ കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണവും കുറവാണെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രോത്സാഹനമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ആദ്യത്തെ അവാര്‍ഡ് നേടിയത് കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ ജാഗ്രതാ സമിതിയാണ്. ഈവര്‍ഷം അവാര്‍ഡ് തുക 50,000 രൂപയാക്കിയിട്ടുണ്ട്. 


    സിറ്റിംഗില്‍ 21 പരാതികള്‍ പരിഗണിച്ചു. ആറ് പരാതികള്‍ തീര്‍പ്പാക്കി. 15 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. ഗാര്‍ഹിക പീഡനം, വഴി തര്‍ക്കം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നതിന് നിയമ സഹായം തുടങ്ങിയ വയാണ് സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയതെന്ന്് കമ്മിഷന്‍ അംഗം പറഞ്ഞു. അഡ്വ. ഇന്ദിരാവതി, വനിതാ സെല്‍ എസ്.എച്ച്.ഒ വി.സീത, എ.എസ്.ഐ പി.ജെ.സക്കീന, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍, കമ്മീഷന്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, പി.ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.