ബി.ജെ.പിയുടെ സ്നേഹയാത്രയ്ക്ക് സ്നേഹോഷ്മളമായ സ്വീകരണം

 
bjp

 കോഴിക്കോട്  സാമൂഹ്യ സമരസതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക്  ബി.ജെ.പി നടത്തിയ സ്നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബി.ജെ.പി  പ്രവർത്തകർ ക്രൈസ്തവ വീടുകളിലെത്തി പ്രധാനമന്ത്രിയുടെ  ഈസ്റ്റർ സന്ദേശം നൽകി. ക്രിസ്ത്യൻ സമൂഹത്തിൽ ബി.ജെ.പിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.  കേവലം കൈസ്തവ മതമേധാവികൾ മാത്രമല്ല സാധാരണ ക്രൈസ്തവർക്കും ബി.ജെ.പിയോടുള്ള സമീപനത്തിൽ അനുകൂലമായി മാറ്റമാണ് ദൃശ്യമായിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ  ഭരണത്തോടുമുള്ള പ്രതീക്ഷയും വിശ്വാസവും ക്രൈസ്തവ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നു എന്നാണ് ബി.ജെ.പി പ്രവർത്തകർക്കനുഭവപ്പെട്ടത്. ക്രൈസ്തവ വിശ്വാസികൾ കൂടുതലുളള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും  ഗോവയിലുമെല്ലാം സദ്ഭരണത്തിന്റെ നാളുകൾ അവർ കണ്ടു കഴിഞ്ഞു .എല്ലായിടത്തും അഭൂതപൂർവമായ വികസനമാണ് കാണുന്നത്.  ഈ വികസനം കേരളത്തിലും  അനുഭവപ്പെടണമെങ്കിൽ  ഇവിടെയും നരേന്ദ്രമോദിയുടെ നേതൃത്വവും  ബി.ജെ.പി ഭരണവും വേണമെന്ന തിരിച്ചറിവ്   ക്രൈസ്തവ വിശ്വാസികൾക്ക്  ഉണ്ടായി തുടങ്ങിയിട്ടുണ്ട്.  

 ബി.ജെ.പിയെ സ്വാഗതം ചെയ്തുള്ള കർദ്ദിനാൾ ആലഞ്ചേരിയുടെ ലേഖനം വളരെ പ്രസക്തവും  യാഥാർഥ്യ ബോധത്തോടെയുമുള്ളതാണ്. ബി.ജെ.പിയുടെ സമ്പർക്ക പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ല, സാമൂഹ്യസമരസതയ്ക്ക് വേണ്ടിയുള്ളതാണ്. മതന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും കുപ്രചാരണം നടത്താനുളള ഇടതു വലതു മുന്നണികളുടെ പതിറ്റാണ്ടുകളായുളള ശ്രമം ഇവിടെ പരാജയപ്പെടുകയാണ്. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി വികസനത്തിനായി മുന്നോട്ടുവരണമെന്നും
 കെ.സുരേന്ദ്രൻ പറഞ്ഞു.

 ബി.ജെ.പിയിലേക്കുള്ള വരവ് തുടങ്ങിയതോടെ ഇരുമുന്നണികൾക്കും  വെപ്രാളം തുടങ്ങി. എ.കെ.ആന്റണിയുടെ മകനു പോലും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് തീവ്ര ഇടതുപക്ഷങ്ങളോട് ചേർന്ന് രാജ്യത്തെ തകർക്കുകയാണെന്ന്  പറയേണ്ടി വരുന്നത്  ഞങ്ങളുടെ കുറ്റമല്ല , അത് കോൺഗ്രസ് സ്വയം  കൃതാനർഥം ചെയ്തതാണ്.  ഞങ്ങൾ  സ്നേഹത്തിന്റെ സന്ദേശം കൈമാറുന്നതിൽ അവർ വെപ്രാളപ്പെടുന്നതെന്തിനാണ്. തങ്ങൾ ശരിയായതും ആത്മാർഥതയോടെയുളളതുമായ സമീപനമാണ് കൈക്കൊള്ളുന്നത്. മറ്റ് പാർട്ടികളിൽ നിന്ന് ആരെയും ലക്ഷ്യമിട്ടു കൊണ്ടുവരുന്നതല്ല. ഞങ്ങളുടെ നിലപാടിന്റെ പേരിലാണ് ആളുകൾ  ഞങ്ങളുടെ പാർട്ടിയിലേക്ക് വരുന്നത്. മോദിയുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ്  എല്ലായിടത്തും ലഭിക്കുന്നത്. കേവലം ഒരു ശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ മാറ്റംവന്നു. 15 ശതമാനം വരെ വോട്ട് നേടിയ കേരളത്തിലും മാറ്റമുണ്ടാക്കാൻ കഴിയും. അവിടെ നിന്നു മുന്നോട്ട് പോകാൻ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം തേടുകയാണ്.

  പാർട്ടിയിൽ വരുന്ന ,അർഹതയുളളവർക്കും   കഴിവുളളവർക്കും ബി.ജെ.പിയിൽ ഏതറ്റം വരെ പോകാനാകും. കോൺഗ്രസിൽ അതൊരിക്കലും സ്വപ്നംകാണാനാകില്ല. ബി.ജെ.പിയിൽ വരുന്ന ആർക്കും നിരാശരാകേണ്ടിവരില്ല. കോൺഗ്രസിനെപ്പോലെ ഒരു കുടുംബത്തിനും ഉപജാപക സംഘത്തിനും വീതിച്ചു വയ്ക്കാനുളള  പാർട്ടി. കേന്ദ്ര കാബിനറ്റിൽ പോലും വിവിധ മേഖലകളിൽ കഴിവുള്ളവരെ നോക്കിയാണ് നിയോഗിച്ചിരിക്കുന്നത്.  ഏത് ചെറുപ്പക്കാർക്കും ബി.ജെ.പിയിൽ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു..

 പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ഈസ്റ്റർ ആശംസകൾ  നൽകാനായി  കോഴിക്കോട്  ബിഷപ് വർഗീസ് ചക്കാലയ്ക്കിനെ സന്ദർശിച്ചു.  
 സന്ദർശനത്തിൽ സന്തോഷമുണ്ടെന്നും എല്ലാ പാർട്ടികളും ഇങ്ങനെ ചെയ്യണമെന്നും ബിഷപ് ചക്കാലയ്ക്കൽ പറഞ്ഞു.  തങ്ങൾക്ക് ഹൃദ്യമായി സ്വീകരണമാണ് ലഭിച്ചതെന്നും വിശ്വാസികളെ കാണാൻ വീടുകളിലും മതനേതാക്കളെ കാണാൻ പള്ളികളിലും സന്ദർശനം നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.  ബി.ജെ.പി സംസ്ഥാന  വൈസ് പ്രസിഡന്റ്  പി.രഘുനാഥ്, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ,
 ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ , ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ സരിത പറയേരി, സതീഷ് പാറന്നുർ  എന്നിവരും കൂടെയുണ്ടായിരുന്നു.

,സംസ്ഥാന സർക്കാർ തീവ്ര വാദ കേസുകളിലും പ്രതികളെ രക്ഷിക്കുന്ന സമീപനമാണ്. സ്വീകരിക്കുന്നതെന്ന് സുരേന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.  തടിയന്റവിടെ   നസീറിനെ ഇവിടെ നിന്ന്  കേരള പൊലീസ് പിടിച്ചൊഴിവാക്കിയതാണ്.. വാഗമൺ സിമി ക്യാമ്പ് ഇവിടത്തെ പോലീസ് ഒഴിവാക്കിയതാണ്.  അവരെയല്ലാം പിടിച്ചത് കേന്ദ്ര ഏജൻസികളോ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമാണ് .എലത്തൂർ കേസ് അട്ടിമറിക്കാൻ സംസ്ഥാന പൊലീസ് വിച്ചാരിച്ചാൽ പോലും നടക്കില്ല. കേന്ദ്ര സർക്കാർ രാജ്യ രക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്  സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.