സംസ്ഥാനത്താകെ എൽഡിഎഫിന് അനുകൂലമായ തരംഗo

 
c m

സംസ്ഥാനത്താകെ എൽഡിഎഫിന് അനുകൂലമായ തരംഗമാണ്. കേരള വിരുദ്ധ സമീപനമാണ് ഈ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ബിജെപിയും കോൺഗ്രസും യുഡിഎഫും സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിൻ്റെ കേരള ദ്രോഹത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത യുഡിഎഫ് ഈ തെരഞ്ഞെടുപ്പ് ഘട്ടത്തിലും സംസ്ഥാനത്തിനെതിരെ  നുണകൾ പ്രചരിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണ്. 

സംസ്ഥാനത്ത് ഏറ്റവും നല്ലരീതിയിൽ നടക്കുന്നതാണ് ക്ഷേമപെൻഷൻ വിതരണം. 45 രൂപ കർഷക തൊഴിലാളി ക്ഷേമപെൻഷൻ നൽകി ആരംഭിച്ച സംവിധാനമാണ് ഇന്ന് ഈ നിലയിൽ എത്തിയത്. ഇന്ന് ഇത് 1600 രൂപയായി.  എന്തിനാണ് ഇത്ര അധികം പേർക്ക്, ഇത്രയധികം തുക പെൻഷൻ കൊടുക്കുന്നത് എന്നാണ് കേന്ദ്ര ധന മന്ത്രി പരസ്യമായി തന്നെ ചോദിച്ചത്. അവരുടെ സാമ്പത്തിക നയമല്ല എൽഡിഎഫ് ഇവിടെ നടപ്പാക്കുന്നത്. അവരുടെ സാമ്പത്തിക നയം അവരുടേത് മാത്രമല്ല കോൺഗ്രസിന്റെത് കൂടിയാണ്. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്. ആ സാമ്പത്തിക നയം കോർപ്പറേറ്റുകളെ സഹായിക്കുന്നതും സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്നതും പാവപ്പെട്ടവരെ കൂടുതൽ പാപ്പരീകരിക്കുന്നതും ആണ്. ബദൽ നയത്തിലൂടെ ദാരിദ്ര്യം ഏറെകുറഞ്ഞ ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. 1600 എന്ന പെൻഷൻ തുകയും  വർദ്ധിപ്പിക്കണമെന്നാണ് എൽഡിഎഫ് കാണുന്നത്.  

കേന്ദ്ര സർക്കാരിന്റെ വൈരാഗ്യം നിറഞ്ഞ സമീപനമാണ് കേരളത്തിലെ ക്ഷേമ പെൻഷൻ  വിതരണത്തെ വരെ ബാധിച്ചതെന്ന സത്യം ജനങ്ങളിൽ നിന്ന് മറച്ചു വെക്കാനാണ് പ്രതിപക്ഷ നേതാവുൾപ്പെടെ ശ്രമിക്കുന്നത്. കേന്ദ്ര അവഗണക്കെതിരായ പോരാട്ടത്തിൽ യു ഡി എഫ് കേരളത്തെ വഞ്ചിക്കുകയാണ്. ബി ജെ പിയുടെ പകയും കോൺഗ്രസ്സിന്റെ ചതിയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഇന്ന് കേരളം നേരിടുന്നത്. രണ്ടിനെയും അതിജീവിച്ചാണ് നമുക്ക്  മുന്നോട്ടു പോകേണ്ടത്. അതിൽ സംശയമൊന്നും വേണ്ട, നമ്മൾ മുന്നോട്ടുപോവുക തന്നെ ചെയ്യും. 

സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷനുകൾ  പ്രതിമാസം കൃത്യമായി നൽകുക എന്നതാണ്  സർക്കാരിൻ്റെ നയം. മുൻകാലങ്ങളിൽ ഓണം, ക്രിസ്തുമസ്, വിഷു എന്നിങ്ങനെ ഉത്സവകാലങ്ങളിൽ മാത്രമായിരുന്നു പെൻഷൻ വിതരണം. അതാത്‌ മാസത്തെ പെൻഷൻ എല്ലാ മാസവും 20-ാം തീയതി മുതൽ വിതരണം ചെയ്യാൻ 2016-ൽ അധികാരത്തിലെത്തിയ സർക്കാർ തീരുമാനിച്ചു. 2020 സെപ്തംബർ മുതൽ ഇത് പ്രാബല്യത്തിൽ വരുത്തി. മാസാമാസം തന്നെ പെൻഷൻ നൽകിത്തുടങ്ങി. അപൂർവ്വം ചില സാഹചര്യങ്ങളിൽമാത്രമാണ്‌ 2 മാസത്തെ പെൻഷൻ ഒരുമിച്ച് നല്കിയിട്ടുള്ളത്‌. 

നിലവിലെ ചില അസാധാരണ സാഹചര്യങ്ങളാലാണ്‌ ഏതാനും മാസത്തെ പെൻഷൻ വിതരണം വൈകിയത്‌. എന്നിട്ടും കഴിയുന്നത്ര മാസങ്ങളിലെ പെൻഷൻ ലഭ്യമാക്കാനായിട്ടുണ്ട്‌.  ഇപ്പോൾ രണ്ടു  ഗഡുവാണ്‌ വിതരണം ആരംഭിച്ചത്‌. ഓരോരുത്തർക്കും 3200 രൂപവീതം. കഴിഞ്ഞമാസം അനുവദിച്ച ഒരു ഗഡു വിതരണം പൂർത്തിയായിട്ടുണ്ട്‌. ഇതോടെ വിവിധ ജനവിഭാഗങ്ങളുടെ ആഘോഷക്കാലത്ത്‌ 4800 രൂപവീതം അവശരുടെയും അശരണരുടെയും കൈകളിലെത്തുകയാണ്. അതിനെ വിലകുറച്ചു കാണിക്കാനും കേന്ദ്ര സമീപനത്തെ ന്യായീകരിക്കാനുമാണ് പ്രതിപക്ഷം തയാറാകുന്നത്. 

ഈ മാർച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുപാതത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയുടെ കുറവുണ്ടായി. റവന്യു കമ്മി ഗ്രാന്റിൽ 8400 കോടി രൂപ കുറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയതു മൂലമുള്ള കുറവ് 12,000 കോടിയാണ്‌. നികുതി വിഹിതം 3.58 ശതമാനത്തിൽനിന്ന്‌ 1.925 ശതമാനമായി കുറച്ചതിലുടെ ഉണ്ടാകുന്ന നഷ്ടം 18,000 കോടി രൂപയും. പബ്ലിക്‌ അക്കൗണ്ടിലെ നീക്കിയിരിപ്പ്‌, കിഫ്‌ബി, സാമൂഹ്യസുരക്ഷ പെൻഷൻ കമ്പനി എന്നിവ സമാഹരിച്ച പണം തുടങ്ങിയവയുടെ പേരിൽ വായ്‌പാനുമതിയിൽ 19,000 കോടിയിൽ പരം രൂപ കേന്ദ്രം വെട്ടിക്കുറച്ചു.

കേന്ദ്ര ഗ്രാന്റുകളിലും വലിയ കുറവാണുണ്ടായത്. 2022–23 സാമ്പത്തിക വർഷം ഫെബ്രുവരി വരെ ഗ്രാന്റുകളായി ലഭിച്ചത്‌ 24,639 കോടി രൂപയാണ്‌. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ലഭിച്ചത്‌ 8688 കോടിയും. 15,951 കോടി രൂപയുടെ കുറവാണുണ്ടായതെന്ന്‌ സിഎജിയുടെ പ്രാഥമിക കണക്കുകളിൽ പറയുന്നു. ഒപ്പം ഏഴുവർഷത്തിനുള്ളിൽ സംസ്ഥാനത്തിന്‌ അർഹതപ്പെട്ട കടമെടുപ്പ്‌ പരിധിയിൽ നിന്ന്‌ പബ്ലിക്‌ അക്കൗണ്ടിന്റെ പേരു പറഞ്ഞ്‌ 1,07, 500 കോടിയിൽപരം രൂപയുടെ വെട്ടിക്കുറവ്‌ വരുത്തി. ഇതാണ്‌ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയത്‌. 

കോൺഗ്രസ്സ് പ്രകടന പത്രിക: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാദങ്ങൾക്കുള്ള മറുപടി

കോൺഗ്രസ്സ് പ്രകടനപത്രികയുടെ പേജ് എട്ടിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും നൽകുന്ന മുഴുവൻ സംരക്ഷണത്തെക്കുറിച്ചും  പറയുന്നുണ്ടെന്നും കഴിഞ്ഞ 10 കൊല്ലം ഭരണഘടന വ്യവസ്ഥകളെ ലംഘിച്ചുകൊണ്ടുണ്ടാക്കിയ എല്ലാ നിയമങ്ങളും തങ്ങൾ അധികാരത്തിൽ വന്നാൽ റദ്ദാക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് ന്യായീകരിക്കാൻ നടത്തിയ വലിയ വാദം. സതീശന്റെ വാദത്തിൽ വല്ല കഴമ്പുമുണ്ടോ എന്ന് നമുക്ക് നോക്കാം.

കോൺഗ്രസ്സ് പ്രകടന പത്രിക പേജ് 8 ൽ പറയുന്നത് ഇത്രയുമാണ്: “We will respect and uphold the fundamental right to practice one's faith and the rights guaranteed to religious minorities under Articles 15, 16, 25, 26, 28, 29, and 30 of the Constitution.”

ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16, 25, 26, 28, 29, 30 എന്നിവ പ്രകാരം മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളെയും വിശ്വാസങ്ങൾ പാലിക്കാനുള്ള മൗലികാവകാശത്തെയും മാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നാണ് കോൺഗ്രസ്സ് പറയുന്നത്. നല്ലതു തന്നെ. എന്നാൽ ഈ പാരഗ്രാഫ് കൊണ്ട് പൗരത്വ ഭേദഗതി നിയമം ഉയർത്തുന്ന പ്രശ്നങ്ങളെ കോൺഗ്രസ്സ് അഭിസംബോധന ചെയ്യുന്നേയില്ല. പൗരത്വ ഭേദഗതി നിയമം പ്രധാനമായും ആർട്ടിക്കിൾ 14 ന്റെ ലംഘനമാണ്. ഇവിടെ  ശ്രദ്ധിക്കേണ്ടത് സതീശൻ പറഞ്ഞ പാരഗ്രാഫിൽ ആർട്ടിക്കിൾ 14 ഇല്ല എന്നതാണ്.

ആർട്ടിക്കിൾ 14 പറയുന്നത് ഇത്രയുമാണ്. “The State shall not deny to any person equality before the law or the equal protection of the laws within the territory of India”. അതായത്, ഇന്ത്യയിൽ ഏവർക്കും നിയമത്തിനു മുമ്പിൽ സമത്വമോ (equality before law) തുല്യമായ നിയമ സംരക്ഷണമോ (equal protection of laws) ഉറപ്പുവരുത്തും എന്നാണ് ആർട്ടിക്കിൾ 14 ന്റെ അന്ത:സത്ത. പൗരത്വം മതാധിഷ്ഠിതമാക്കുന്നതു വഴി ലംഘിക്കപ്പെടുന്ന ആർട്ടിക്കിൾ 14 നെക്കുറിച്ച് മിണ്ടാത്ത പാരഗ്രാഫ് ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. 

കോൺഗ്രസ്സ് മാനിഫെസ്റ്റോയിൽ കഴിഞ്ഞ 10 കൊല്ലം ഭരണഘടനാ വ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് ഉണ്ടാക്കിയ നിയമങ്ങൾ തങ്ങൾ അധികാരത്തിൽ വന്നാൽ റദ്ദാക്കുമെന്ന് പറയുന്നുണ്ട്. 

“We promise that all anti-people laws passed by the BJP/NDA without proper parliamentary scrutiny and debate, especially those relating to workers,  farmers, criminal justice, environment & forests and digital data protection, will be thoroughly reviewed and changed.” (പേജ് 22)

ഇതും നല്ലതു തന്നെ. ഇവിടെ പക്ഷേ പ്രധാനമായും തൊഴിലാളികൾ, കർഷകർ, ക്രിമിനൽ ജസ്റ്റിസ്‌, വനം-പരിസ്ഥിതി, 
ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ എന്നിവയിലെ നിയമനിർമ്മാണങ്ങൾ റദ്ദ് ചെയ്യുമെന്നാണ് പറഞ്ഞത്.

കോൺഗ്രസ്സ് മാനിഫെസ്റ്റോയിൽ ജിഎസ്ടി നിയമങ്ങൾ മാറ്റും എന്നു പറയുന്നുണ്ട്. അതും ഞങ്ങൾക്ക് യോജിപ്പുള്ള കാര്യമാണ്. നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ആക്റ്റ് പുനപരിശോധിക്കും എന്ന് പേജ് 36 ൽ പറയുന്നുണ്ട്. അതും നല്ലത്. ഇത്രയും നിയമങ്ങൾ റദ്ദ് ചെയ്യുമ്പോഴും സിഎഎ വിഷയത്തിൽ ഒരക്ഷരം പറയുന്നില്ല എന്നു കാണണം.

അവിടെ പൗരത്വത്തെ മനഃപൂർവം മാറ്റി നിർത്തിയതായി കാണാം. മാനിഫെസ്റ്റോയിൽ പലയിടത്തും മറ്റു പല നിയമങ്ങളും പേരെടുത്ത് റദ്ദ് ചെയ്യുമെന്നു പറഞ്ഞ കോൺഗ്രസ്സിന് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചു മിണ്ടാൻ ഭയമാണ് എന്നാണ് ഇത് കാണിക്കുന്നത്.