മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് 15 ലക്ഷമാക്കി ഉയർത്തി
20 ലക്ഷം രൂപയാക്കുന്നതിന്റെ ആദ്യഘട്ടം; പദ്ധതി പൂർണതോതിൽ നടപ്പാക്കുമെന്ന് മന്ത്രി അബ്ദുൾ ഗഫൂർ
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. ഇൻഷുറൻസ് പരിരക്ഷ 20 ലക്ഷം രൂപയായി ഉയർത്തുന്നതിന്റെ ആദ്യഘട്ടമായാണ് നടപടി.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന തുടർപദ്ധതിയാണിത്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പരിരക്ഷ 20 ലക്ഷം രൂപയായി ഉയർത്താൻ ഫിഷറീസ് ഡയറക്ടർ സർക്കാരിന് നിർദേശം സമർപ്പിച്ചിരുന്നു.
ബജറ്റ് പ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കുന്നതിനായി ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നടത്തിയ ഇടപെടലുകളെത്തുടർന്ന് സർക്കാർ വിഷയം വിശദമായി പരിശോധിച്ചാണ് ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിയത്. കടലിലും അനുബന്ധ തൊഴിലിടങ്ങളിലും അപകടത്തിൽപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ തീരുമാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും മത്സ്യമേഖലയുടെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും ഇൻഷുറൻസ് പരിരക്ഷ പരമാവധി തൊഴിലാളികളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ക്ഷേമനിധി ബോർഡിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
