ഡോക്ടറെ കുത്തികൊന്ന പ്രതി അധ്യാപകന്‍; എംഡിഎംഎ ഉപയോഗിച്ചതിന് സസ്‌പെന്‍ഷനിൽ
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കുത്തിയ പ്രതി സന്ദീപ് സസ്‌പെന്‍ഷനിലുള്ള അധ്യാപകന്‍. എംഡിഎംഎ ഉപയോഗിച്ചതിനാണ് പ്രതിയെ സസ്‌പെന്‍ഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചതു മുതല്‍ പ്രതി അക്രമാസക്തനായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വനിതാ ഡോക്ടറെ പ്രതി ആക്രമിച്ചത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമം കാട്ടിയതിന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്നാണ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ പ്രതി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയായിരുന്നു ആക്രമണം. അക്രമം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരേയും പ്രതി ആക്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ രാവിലെ 8.30 ഓടെയാണ് മരണം സംഭവിച്ചത്.