വിദ്യാഭ്യാസ കൺസൽട്ടൻസി സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ നിയമം വരുന്നു

പഠനം നടത്താൻ ഡിജിറ്റൽ സർവകലാശാല വി.സി ചെയർമാനായി മൂന്നംഗ സമിതി
 
school

ഉപരി പഠനത്തിനായി വദേശത്ത് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ ചൂഷണം ചെയ്യുന്ന വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ നിയമ നിർമാണത്തിനൊരുങ്ങി സർക്കാർ. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാൻ സേവനം തേടി എത്തുന്ന വിദ്യാർഥികളെ വൻ തോതിൽ ചൂഷണം ചെയ്യുന്നതും വിദേശത്തെ നിലവാരമില്ലാത്ത് സ്ഥാപനങ്ങളിലേക്ക് അയക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കെതിരേ വ്യാപക പരാതികൾ ഉണ്ടായതിനെ തുടർന്നാണ് സർക്കാർ നടപടി.

കൺസൾട്ടൻസികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനുമാണ് നിയമനിർമാണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ കരട് തയറാക്കാൻ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ സജി ഗോപിനാഥ് ചെയർമാനായി മൂന്നംഗ സമിതിയെ സർക്കാർ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ എക്‌സിക്യൂട്ടീവ് ബോഡി മെമ്പർ ഡോ.ആർ.കെ സുരേഷ്‌കുമാർ, സുപ്രീം കോടതി അഭിഭാഷകൻ ശ്രീറാം പറക്കാട്ട് എന്നിവരാണ് അംഗങ്ങൾ.


വിദേശ ഉന്നത വിദ്യാഭ്യാസ കൺസൾട്ടൻസി ഏജൻസികൾക്ക് ലൈസൻസ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇവർ നൽകുന്ന സേവനങ്ങൾക്ക് ഏകീകൃത സേവന നിരക്ക് നിശ്ചയിക്കും. നിലവാരമുള്ള വിദേശ സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്ക് മാത്രമേ വിദ്യാർഥികളെ അയക്കാവൂ എന്ന നിബന്ധന കൊണ്ടു വരും. കൺസൽട്ടൻസികളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ നിയോഗിച്ച സമിതി വിശദമായ പഠനം നടത്തും. ഇവർ തയാറാക്കുന്ന കരട് ബില്ലും പഠന റിപ്പോർട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ്, നിയമ വകുപ്പ് എന്നിവ പരിശോധിച്ച് അടുത്ത അധ്യായന വർഷാരംഭത്തിൽ തന്നെ നിയമമാക്കാനാണ് സർക്കാർ തീരുമാനം.