അഡ്വ.എച്ച്.ജോഷ് പി.എസ്.സി അംഗം

 
josy

അഭിഭാഷകനായ അഡ്വ.എച്ച്.ജോഷിനെ പി.എസ്.സി അംഗമായി നിയമിക്കാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തു. തിരുവനന്തപുരം തിരുമല സ്വദേശിയായ ജോഷ് ഹൈക്കോടതിയിലും തിരുവനന്തപുരത്തെ കോടതികളിലും നിലവിൽ പ്രാക്ടീസ് ചെയ്യുകയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡാ,  യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, കേരള സ്റ്റേറ്റ് കോസ്റ്റൽ ഏര്യാ ഡവലപ്മെന്റ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയമോപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി.ക്ക് 9 ബാങ്കുകളുടെ കൺസോർഷ്യം നൽകിയ 1300 കോടിയുടെ വായ്പാ പദ്ധതിയുടെ  ഏക  നിയമോപദേശകനായും പ്രവർത്തിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇഗ്‌നോയുടെ  (ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി) എംപാനൽഡ് വിഡിയോ പ്രൊഡ്യൂസറായും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ജോഷ്  രചനയും സംവിധാനവും നിർവഹിച്ച ഇരുന്നൂറോളം പ്രോഗ്രാമുകൾ തിരുവനന്തപുരം ദൂരദർശനിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്.  വിദേശ രാജ്യങ്ങളിലടക്കം സഞ്ചരിച്ച് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മലയാളികളെയും അവരുടെ പ്രശ്നങ്ങളെയും കുറിച്ച് ഗവേഷണം നടത്തി ലോകമലയാളം എന്ന പ്രോഗ്രാമിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്,  തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ലോ കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയായും മാഗസീൻ എഡിറ്ററായും പ്രവർത്തിച്ചു.
സാമൂഹ്യ,സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ് ജോഷ്.

പി.ഡബ്ല്യു.ഡിയിൽ നിന്നും ജൂനിയർ സൂപ്രണ്ടായി വിരമിക്കുകയും  ജയാ കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്നപരേതനായ ജെ.ഹാൽവിന്റെയും അദ്ധ്യാപികയായിരുന്ന ജെ.എലിനെറിന്റെയും മകനാണ്. അഭിഭാഷകയായ മിഷാ റാണിയാണ് ഭാര്യ. സെന്റ് തോമസ് സ്‌കൂൾ വിദ്യാർത്ഥികളായ അല്ലൻ ജോയും  മില്ലൻ ജോയുമാണ് മക്കൾ. എസ് ബി ഐ യിൽ നിന്നും വിരമിച്ച എച്ച്.ഇ.ജസ്റ്റിൻ സഹോദരനും ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ തിരുവനന്തപുരം ഡി.എം.ഒ ഗ്ലാഡി ഹാൽവിൻ സഹോദരിയുമാണ്.