അഞ്ചുവർഷത്തിനുശേഷം വി.ഡി. സതീശൻ പെരുന്നയിൽ; മന്നം ജയന്തി ഉദ്ഘാടനം ചെയ്യും
മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തും. 2027 ജനുവരി രണ്ടിന് നടക്കുന്ന ജയന്തിദിന സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സതീശൻ പെരുന്നയിലെത്തുന്നത്.
മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് അദ്ദേഹം എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്നത്. ജനുവരി ഒന്നിന് അഖിലകേരള നായർ പ്രതിനിധി സമ്മേളനവും രണ്ടിന് ജയന്തിദിന സമ്മേളനവും നടക്കും. മന്ത്രി കെ. മുരളീധരനും ചടങ്ങിൽ അതിഥിയായി പങ്കെടുക്കും.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും വി.ഡി. സതീശനും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കു മഞ്ഞുരുക്കമാകുമോ എന്നതും സന്ദർശനത്തെ രാഷ്ട്രീയപ്രാധാന്യമുള്ളതാക്കുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയും പ്രസംഗങ്ങളും രാഷ്ട്രീയകേരളം ഉറ്റുനോക്കുകയാണ്.
മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എൻഎസ്എസ് നേതൃത്വം. മുഖ്യമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നേതൃത്വം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
