ആകാശവാണി തിരുവനന്തപുരം നിലയം 75 ആം വർഷത്തിലേക്ക്
ആകാശവാണി തിരുവനന്തപുരം നിലയം 75 ആം വർഷത്തിലേക്ക്.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് നാളെ തിരുവനന്തപുരം ആകാശവാണി അങ്കണത്തിൽ തുടക്കമാകും.വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും.1943 ൽ ആരംഭിച്ച തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ 1950 ഏപ്രിൽ 01 ൽ ആണ് ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായത്.പ്രക്ഷേപണ യാത്ര 75 വർഷത്തോടടുക്കുമ്പോൾ ആ സന്തോഷം വിപുലമായി തന്നെ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ആകാശവാണി തിരുവനന്തപുരം നിലയം.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ പരിധിയിൽ വരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.സാഹിത്യരംഗം , വയലും വീടും, കുടുംബാരോഗ്യം, നാടകം തുടങ്ങി ആകാശവാണിയുടെ വിവിധ വിഭാഗങ്ങളുടെ വ്യത്യസ്തങ്ങളായ പരിപാടികൾ ജനങ്ങൾക്ക് മുന്നിലെത്തും.ഇതിൽ നാടകങ്ങൾ, കലാ സഹിത്യ സദസുകൾ, കവിയരങ്ങുകൾ, നാടകാവതരണം,മെഡിക്കൽ ക്യാമ്പുകൾ, കാർഷിക മേളകൾ തുടങ്ങിയവ ഉണ്ടാകും.ഒപ്പം ആകാശവാണി മുൻ ജീവനക്കാരും വിവിധ പരിപാടികളിൽ അതിഥികളായെത്തും.കൂടാതെ 1950 മുതൽ 2024 വരെയുള്ള ആകാശവാണിയുടെ വിവിധ പരിപാടികൾ തിരുവനന്തപുരം നിലയം പുന :പ്രക്ഷേപണം ചെയ്യും.