ഡിജിറ്റൽ സാക്ഷരതയിലും സംരംഭകത്വത്തിലും ചരിത്രമാറ്റം സൃഷ്ടിച്ച് അക്ഷയ: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
അക്ഷയ പദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം; വിദേശ രാജ്യങ്ങളിൽ നിന്നുപോലും പദ്ധതിയെക്കുറിച്ച് പഠിക്കാൻ പ്രതിനിധികളെത്തുന്നു
കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരതാ രംഗത്തും സംരംഭകത്വ മേഖലയിലും ചരിത്രപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ അക്ഷയ പദ്ധതിക്ക് സാധിച്ചെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അക്ഷയ പദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്ഷയ പദ്ധതിയുടെ പ്രവർത്തനങ്ങളെയും സാധ്യതകളെയും കുറിച്ച് പഠിക്കാൻ ഇന്നും വിദേശ രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ എത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ലോകത്ത് പുതിയ സാങ്കേതികവിദ്യകൾ വികസിക്കുമ്പോൾ അവയുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകേണ്ടതുണ്ട്. എന്നാൽ, വികസിത രാജ്യങ്ങളിൽ പുതിയ സാങ്കേതികവിദ്യകളുടെ നേട്ടങ്ങൾ വേഗത്തിൽ ലഭ്യമാകുമ്പോൾ അവികസിത, വികസ്വര രാജ്യങ്ങളിൽ അതിന് കാലതാമസമുണ്ടാകുന്നു. ഈ ഡിജിറ്റൽ അന്തരം പരിഹരിക്കുകയും ഡിജിറ്റൽ സാക്ഷരത വളർത്തുകയും സംരംഭകത്വ മേഖലയിൽ ചലനമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷയ പദ്ധതിക്ക് രൂപം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
25 വർഷം പൂർത്തിയാക്കിയ അക്ഷയ പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നത് മുഖ്യമന്ത്രി വി.ഡി. സതീശൻ വീഡിയോ സന്ദേശത്തിലൂടെ വിശദീകരിച്ചു.
2002ൽ അക്ഷയ പദ്ധതി ഉദ്ഘാടനം ചെയ്തപ്പോൾ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം നടത്തിയ പ്രസംഗം ഹോളോഗ്രാം പ്രൊജക്ഷൻ സാങ്കേതികവിദ്യയിലൂടെ ചടങ്ങിൽ പുനരാവിഷ്കരിച്ചു.
രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം പദ്ധതിയുടെ 25-ാം വാർഷിക ലോഗോ, അക്ഷയ വെബ് പോർട്ടൽ, രജതജൂബിലി വീഡിയോ എന്നിവയുടെ പ്രകാശനവും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
