തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപകൂടി അനുവദിച്ചു

 
knb
ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മെയിന്റൻസ്‌ ഗ്രാന്റ്‌ രണ്ടാം ഗഡു 1377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട്‌ (ജനറൽ പർപ്പസ്‌ ഗ്രാന്റ്‌) അഞ്ചാം ഗഡു 210.51 കോടി രുപ, ധനകാര്യ കമീഷൻ ഹെൽത്ത്‌ ഗ്രാന്റ്‌ 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി രുപ എന്നിവയാണ്‌ അനുവദിച്ചത്‌. 
മെയിന്റൻസ്‌ ഗ്രാന്റിൽ റോഡിനായി 529.64 കോടി രുപയും, റോഡിതിര വിഭാഗത്തിൽ 847.42 കോടി രുപയുമാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്കാണ്‌ കൂടുതൽ വകയിരുത്തൽ. 928.28 കോടി രൂപ. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 74.83 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ 130.09 കോടിയും, മുൻസിപ്പാലിറ്റികൾക്ക്‌ 184.12 കോടിയും, കോർപറേഷനുകൾക്ക്‌ 59.74 കോടിയും ലഭിക്കും. 
പൊതു ആവശ്യ ഫണ്ടിൽ കോർപറേഷനുകൾക്ക്‌ 18.18 കോടി വകയിരുത്തിയപ്പോൾ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 149.53 കോടി രൂപ ലഭിക്കും. മുൻസിപ്പാലിറ്റികൾക്ക്‌ 25.72 കോടി, ജില്ലാ പഞ്ചായത്തുകൾക്ക്‌ 7.05 കോടി, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10.02 കോടി എന്നിങ്ങനെയാണ്‌ നീക്കിവച്ചത്‌.  
ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റിൽ 186.76 കോടി രൂപ ഗ്രാമ പഞ്ചായത്തുകൾക്കാണ്‌. 40.02 കോടി രൂപ വീതം ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ ലഭിക്കും. ഹെൽത്ത്‌ ഗ്രാന്റിൽ 37.75 കോടി പ്രൈമറി ഹെൽത്ത്‌ സെന്ററുകളുടെയും ഉപകേന്ദ്രങ്ങളുടെയും രോഗ നിർണയത്തിനും ചികിത്സയ്‌ക്കുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഉപയോഗിക്കും. ഗ്രാമീണ പിഎച്ച്‌സികളും ഉപകേന്ദ്രങ്ങളും ഹെൽത്ത്‌ ആൻഡ്‌ വെൽനെസ്‌ കേന്ദ്രങ്ങളായി മാറ്റാൻ 65.22 കോടി രൂപ ചെലവിടും. ബ്ലോക്കുതലത്തിലെ പബ്ലിക്‌ ഹെൽത്ത്‌ യൂണിറ്റുകൾക്ക്‌ 2.72 കോടി രൂപ ചെലവിടും. ഈ സാമ്പത്തിക വർഷം ഇതുവരെ 5678 കോടി രൂപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചു.