അരിക്കൊമ്പൻ അതിർത്തിയിലെ വനമേഖലയിൽ തന്നെ തുടരുകയാണ്

 
rise

അരിക്കൊമ്പൻ അതിർത്തിയിലെ വനമേഖലയിൽ തന്നെ തുടരുകയാണ്. ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പൻ തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തി. മംഗളദേവി ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചു. പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനം ഭാഗത്തു നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പൻ തിമിഴ് നാട്ടിലെ ശ്രീവെല്ലി പുത്തൂർ മേഖല കടുവ സങ്കേതത്തിലെത്തിയത്.

കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലയിൽ നിന്ന് വനംവകുപ്പിന് സിഗ്നലുകൾ ലഭിക്കുന്നുണ്ട്. പലഭാഗത്തായി സഞ്ചരിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. നിരീക്ഷണത്തിനായി നിയോഗിച്ച സംഘം മംഗളാദേവി ഭാഗത്തെ മലനിരകളിൽ അരിക്കൊമ്പനെ നേരിട്ട് കാണുകയും ചെയ്തു. വിഎച്ച്എഫ് ആൻറിനയുടെ സഹായത്തോടെയാണിത്.

ചിന്നക്കനാലിലേക്ക് തന്നെ അരിക്കൊമ്പൻ തിരികെയെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. റേഡിയോ കോളർ കഴുത്തിലുളളതുകൊണ്ട് കൊമ്പന്‍റെ മടങ്ങി വരവ് തടയാനാകുമെന്ന് വനം വകുപ്പ് ഉറപ്പു പറയുന്നു. അതിർത്തി വനമേഖലയിൽ തന്നെ ചുറ്റിത്തിരിയുന്ന അരിക്കൊമ്പനെ സൂക്ഷ്മം നിരീക്ഷിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അത് തമിഴ്നാട് വനം വകുപ്പാണ്.

കുമളി മുതൽ ശ്രീവല്ലിപൂത്തർവരെ 90 കിലോമീറ്ററോളം സംസ്ഥാന അതിർത്ത് വനപ്രദേശമാണ്. വനാതിർത്തിൽ നിന്നും അധികം അകലെയല്ലാതെ ഗ്രാമങ്ങളുമുണ്ട്. നിലവിൽ ആന നിലയുറപ്പിച്ചിരിക്കുന്ന വണ്ണാന്തുറ മേഖലയിൽ നിന്ന് തമിഴ് നാട്ടിലെ ജനവാസ മേഖലയിലേക്ക് കാട്ടാനകൾ എത്താറുണ്ട്. മറുവശത്തേക്ക് സഞ്ചരിച്ച് ചിന്നക്കനാലിലേക്കെത്താനുള്ള സാധ്യത വനം വകുപ്പും തള്ളിക്കളയുന്നില്ല. നൂറ് കിലോമീറ്ററിലധികം വഴി കണ്ടുപിടിച്ചെത്താൻ കാലങ്ങളെടുക്കും. റേഡിയോ കോളർ കഴുത്തിലുള്ളതിനാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും ചിന്നക്കനാലിലേക്കുള്ള യാത്രയും തടയാനാകുമെന്നാണ് വനംവകുപ്പ് ഉറപ്പു നൽകുന്നത്.