ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

 
obit

ചിത്രകാരനും ശിൽപിയുമായ ആർട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി. 97 വയസായിരുന്നുഅസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വരയുടെ കുലപതി എന്നാണ് അറിയപ്പെടുന്നത്. 


പൊന്നാനി താലൂക്കിലെ കരുവാട്ടു മനയിൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മൂത്ത മകനായി 1925 സെപ്റ്റംബർ 13നാണ് ആർട്ടിസ്റ്റ് നമ്പൂതിരി എന്ന കരുവാട്ട് മന വാസുദേവൻ നമ്പൂതിരി ജനിച്ചത്.  ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന്  ഫൈൻ ആർട്‌സിലും അപ്ലൈഡ് ആർട്‌സിലും ഡിപ്ലോമകൾ നേടിയ അദ്ദേഹം ചോലമണ്ഡലം ആർട്ടിസ്‌റ്റ് വില്ലേജിൽ താമസിച്ച് ഒരു വർഷം കൊണ്ട് ആറ് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി.  1960-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1982 വരെ  മാതൃഭൂമിയിൽ തുടർന്നു. ഈ കാലയളവിൽ തകഴി ശിവശങ്കരപിള്ള, കേശവദേവ് , എം ടി വാസുദേവൻ നായർ , ഉറൂബ് , എസ് കെ പൊറ്റെക്കാട്ട്, ഇടശ്ശേരി ഗോവിന്ദൻ നായർ , വികെഎൻ എന്നിവരുടെ കൃതികൾക്ക് അദ്ദേഹം ദൃശ്യവിഷ്ക്കാരം നൽകി. മാതൃഭൂമിയിൽ അദ്ദേഹം പ്രസിദ്ധീകരിച്ച നാണിയമ്മയും ലോകവും പ്രസിദ്ധമായ  കാർട്ടൂൺ പരമ്പരയായി. 1982ൽ, അദ്ദേഹം കലാകൗമുദി വാരികയിലും പിന്നീട് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ സമകാലിക മലയാളം വാരികയിലും  ചിത്രകാരനായി. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്. 2003ൽ അക്കാദമി അദ്ദേഹത്തിന് രാജാ രവിവർമ്മ അവാർഡ് നൽകി ആദരിച്ചു. മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം നേടിയിട്ടുണ്ട് .

 മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രം. മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസ്സിലാക്കുന്നതും ഓർമ്മിക്കുന്നതും  ആർട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നൽകിയ മുഖഛായകളിലൂടെയാണ്. 
രേഖാചിത്രകാരനായും പെയിന്ററായും ശിൽപിയായും കലാസംവിധായകനായും തലമുറകളുടെ മനസ്സിൽ ഇടം നേടിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു അദ്ദേഹം. 

പകരംവെക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേന്ദ്രമന്ത്രി അനുശോചിച്ചു

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. കേരളീയ ചിത്രകലയ്ക്ക് പുതിയ മാനം നൽകിയ അതുല്യ പ്രതിഭയായിരുന്നു നമ്പൂതിരിയെന്ന് മന്ത്രി പ്രതികരിച്ചു. വരയും ഛായാചിത്രവും ശിൽപ്പകലയും കലാസംവിധാനവുമുൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം പ്രശോഭിച്ച മഹാപ്രതിഭയ്ക്ക് മലയാളി മനസ്സിൽ മരണമില്ലെന്നും ഫേസ്ബുക്കിൽ വി.മുരളീധരൻ കുറിച്ചു. 
കുടുംബത്തിൻ്റെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു

 സ്പീക്കർ അനുശോചിച്ചു. 

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എഎൻ ഷംസീർ അനുശോചിച്ചു.

കേരളത്തിന്റെ ചിത്രകലാരംഗത്ത് തനതായ മുദ്ര പതിപ്പിച്ച ചിത്രകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി . 

വാക്കുകൾ കാവ്യമായി രൂപപ്പെടുന്ന മാന്ത്രികത അദ്ദേഹം വരയ്ക്കുന്ന 'രേഖകൾ'ക്കുണ്ട്. എത്ര അന്വർത്ഥമാണ് അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള പുസ്തകത്തിന്  'രേഖകൾ ' എന്ന പേരെന്ന് തോന്നിയിട്ടുണ്ട്. 

എം ടി യുടെ രണ്ടാമൂഴവും വി.കെ.എൻ കഥകളും ഓർക്കുമ്പോൾ ഒരു പക്ഷെ അവരെഴുതിയ വാചകങ്ങളേക്കാൾ മുമ്പ് മനസ്സിലെത്തുക നമ്പൂതിരിയുടെ വരകളാണ്. 

മാതൃഭൂമി ആഴ്ചപതിപ്പിലെ എഴുത്തുകൾക്ക് ജീവൻ നൽകുന്നതിൽ അദ്ദേഹത്തിന്റെ രേഖാചിത്രങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. 

വരകൾ ചേർന്ന് ചിത്രമാകാനാകാത്ത വിടവാണ് നമ്പൂതിരിയില്ലാത്ത കേരളീയ ചിത്രകലാരംഗത്തുണ്ടാകുക. 

എങ്കിലും അദ്ദേഹം ലോഹത്തകിടുകളിൽ കൊത്തിയ ശില്പങ്ങൾ പോലെ വ്യക്തമായും സുന്ദരമായും കേരള ചരിത്രത്തിൽ നമ്പൂതിരി ആർട്ടിസ്റ്റായി അടയാളപ്പെട്ടു കിടക്കുന്നു. 

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബാംഗങ്ങളുടെയും, കലാസ്വാദകരുടേയും  ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.