ആര്യ ദേവി വെറുമൊരു പൊലീസുകാരിയല്ല
ഗായികയാവാൻ ആഗ്രഹിച്ച് സംഗീതത്തിൽ ബിരുദാനന്ത ബിരുദം നേടി മികച്ച പാട്ടുകാരിയായിട്ടും ജോലി പൊലീസിൽ. കാച്ചാണി സ്വദേശിയായ സീനിയർ സി.പി.ഒ ആര്യ ദേവി തളർന്നില്ല. പാട്ടും അഭിനയവും എല്ലാം ഒപ്പം തന്നെയുണ്ട്. ജനമൈത്രി പൊലീസിന്‍റെ നാടകങ്ങളിലെ അമ്മ വേഷക്കാരി. പൊലീസ് ഗായകസംഘത്തിലെ അംഗം. താൻ വെറുമൊരു പോലീസുകാരിയല്ലെന്ന് തെളിയിക്കുകയാണ് ഇവർ.
കഴിഞ്ഞ ദിവസം വനിത കോളജിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പ്രദർശനോദ്ഘാടനം ചെയ്ത ‘ഉടൻ പ്രതിക്രിക്കൂ ഉറക്കെ പ്രതികരിക്കൂ’ എന്ന സ്ത്രീ സുരക്ഷ നാടകത്തിലൂടെ നൂറിലധികം വേദി പിന്നിട്ടിരിക്കുകയാണ് ആര്യദേവി. കൊല്ലം പരവൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ 16 വർഷം ക്രമസമാധന ചുമതലയിൽ ജോലി ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ 25ലധികം ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഇതിനിടെ മറക്കാനാവാത്ത നിരവധി അനുഭവങ്ങൾ.
കോളജ് പഠനകാലം ചിലവഴിച്ച വനിത കോളജ് അങ്കണത്തിലേക്ക് അഭിനേത്രിയായി എത്തിയതിൽ അവർക്ക് ഇരട്ടിമധുരം. സംഗീതത്തിൽ എം.എ ഉൾപ്പെടെ ഏഴ് വർഷത്തെ പഠനം പൂർത്തിയാക്കിയത് ഇതേ കോളജിലാണ്. മകൾ ശരണ്യ നായരും ഇതേ കോളജിൽ നിന്ന് രണ്ടാം റാങ്കോടെ എം.എ സംഗീതം കഴിഞ്ഞിട്ടുണ്ട്. പഠിക്കുന്ന കാലത്തൊന്നും ആര്യദേവിക്ക് കോളജ് വേദിയിൽ കയറാൻ കഴിഞ്ഞിരുന്നില്ല. ജനമൈത്രി പൊലീസിന്‍റെ ‘മദ്യപാനിയുടെ ആത്മകഥ’ എന്ന നാടകത്തിലെ മദ്യപന്‍റെ ഭാര്യയായി കാഴ്ചക്കാരന്‍റെ കണ്ണു നനയിക്കുന്ന വേഷവുമായാണ് ആര്യ പഴയ കലാലയത്തിലെത്തിയത്.
അതിന് ശേഷം സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരായ ‘ഉടൻ പ്രതിക്രിക്കൂ ഉറക്കെ പ്രതികരിക്കൂ’ എന്ന നാടകവുമായി ഇത് രണ്ടാം തവണ. അമ്മമാരും യുവതികളും ബാലികമാരും വിദ്യാർഥികളും തുടങ്ങി വിവിധ പ്രയാത്തിലുള്ള സ്ത്രീകൾക്ക് നേരെ സമൂഹത്തിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങളാണ് പ്രമേയം. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് നൽകുന്ന വിവിധ സേവനങ്ങളും ഹെൽപ്ലൈൻ നമ്പറുകളും നാടകത്തിനിടയിലൂടെ പരിചയപ്പെടുത്തുന്നു.