അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന അനീതിയിൽ നിയമസഭ ഇടപെടണമെന്ന് വി.എം സുധീരൻ

ആദിവാസി വിഷയം റിപ്പോർട്ട് ചെയ്താൽ പൊലീസ് കേസെടുക്കുന്ന രീതി ന്യായീരിക്കാൻ കഴിയില്ല
 
V M

അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന അനീതിയിൽ നിയമസഭ ഇടപെടണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. അട്ടപ്പാടി ആദിവാസി ഭൂമി കൈയേറ്റം തടയണമെന്നും പെസ നിയമം നടപ്പാക്കണമെന്നും മാധ്യമ പ്രവർത്തകനായ ആർ. സുനിലിനും, സാമൂഹിക പ്രവർത്തകനായ സുകുമാരൻ അട്ടപ്പാടിക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണെന്നും ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മക്ക് പോലും അട്ടപ്പാടിയിൽ നീതി ലഭിച്ചില്ല. അട്ടപ്പാടിയിലെ ആദിവാസി സമൂഹം ക്രൂരമായ അനീതി അനുഭവിക്കുകയാണ്. ഈ പ്രശ്നം സംബന്ധിച്ച് നിയമസഭ സമിതി അന്വേഷണം നടത്തണം. അടുത്ത നിയമസഭ സമ്മേളനം നടക്കുപ്പോൾ സമഗ്ര റിപ്പോർട്ട് നൽകണം. നിയമ നിർമാണസഭ അട്ടപ്പാടിയിലെ പ്രശ്നത്തിൽ ഇടപെടണം. നിയമസഭക്ക് പരിശോധന നടത്തുന്നതിന് ബാധ്യതയുണ്ട്. നിലവിൽ കെ.കെ രമ എം.എൽ.എ മാത്രമാണ് നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചത്. നിയമസഭയിലെ മുഴുവൻ എം.എൽ.എമാരും ഇക്കാര്യത്തിൽ ഇടപെടമെന്നും സുധീരൻ ആവശ്യപ്പെട്ടു. 

സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതിയുടെ കണക്ക് നോക്കിയാൽ നേരിയ ശതമാനം പോലും ആദിവാസികൾക്ക് പ്രയോജനപ്പെട്ടില്ല. അട്ടപ്പാടിയിലെ സ്ഥിതി വളരെ ദയനീയമാണ്. അവിടെ നിയമവാഴ്ച എന്നൊന്നില്ല. നിയമസഭ പാസാക്കിയ ഒരു നിയമവും തങ്ങൾക്ക് ബാധകമാല്ലെന്നാണ് ഭൂ മാഫിയയുടെ പ്രഖ്യാപനം. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇത് തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞാലും അവർ പ്രതികരിക്കുന്നില്ല. 

ആദിവാസികൾ കൈവശം വെച്ചിരിക്കുന്ന ഭൂമി വ്യാജരേഖയുണ്ടാക്കി പൊലീസ് സംരക്ഷണത്തിൽ തട്ടിയെടുക്കുകയാണ്. ആദിവാസികളെ അവരുടെ പിറന്ന ഭൂമിയിൽനിന്ന് പുറത്താക്കുന്നു. ആദിവാസികളെ ക്രൂരമായി കൊലപ്പെടുത്തിയാലും കുറ്റവാളികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ചുരിക്കിപ്പറഞ്ഞാൽ മനുഷ്യരാണെന്ന പരിഗണനപോലും ആദിവാസികൾക്ക് ലഭിക്കുന്നില്ല. 

റവന്യൂ, വനം, പൊലീസ്, പട്ടികവർഗ വകുപ്പുകളിലെ ഉദ്യോഗസ്ഥർ 
ഭൂമാഫിയുടെ പക്ഷത്താണ്. ആദിവാസികൾ നൽകിയ എത്രയോ പരാതികൾ റവന്യൂ അധികാരികളുടെയും പൊലീസിന്റെയും പട്ടികവർഗ മേധാവികളുടെയും കൈയിലുണ്ട്. ഒന്നിലും നടപടിയില്ല. നഞ്ചിയമ്മയുടെ കുടുംബ ഭൂമി കൈയേറ്റം സംബന്ധിച്ച് റവന്യൂ വിജിലൻസ് നൽകിയ റിപ്പോർട്ടിലെ ശിപാർശപോലും നടപ്പാക്കാൻ സർക്കാർ തയാറായിട്ടില്ല. 

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കൈയേറ്റം സംബന്ധിച്ച റിപ്പോർട്ടുകൾക്ക് കടലാസിന്റെ വിലപോലുമില്ല. ആദിവാസി സമൂഹത്തിന്റെ പ്രശ്നത്തിന് പരിഹാരം കാണണം. സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നടപടകിൾ സ്വീകരിക്കണം. ആദിവാസി ഭൂമി കൈയേറുന്നത് തടണം. ആദിവാസികൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. 

ആദിവാസികൾ കൂടുതൽ അവകാശം ലഭിക്കുന്ന പെസ നിയമം സംസ്ഥാനത്ത് നടപ്പാക്കണം. പെസ നിയമം രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടും കേരളം അത് നടപ്പാക്കിയിട്ടില്ല. ബ്രിട്ടീഷ് ഭരണകർത്താക്കൾ പറഞ്ഞത് ഇന്ത്യക്കാർക്ക് ഭരിക്കാൻ അറിയില്ലെന്നായിരുന്നു. അതേ ബ്രിട്ടീഷ് മനോഭാവം ഇന്നും പല ഭരണ കർത്താക്കൾക്കുമുണ്ട്. അവരാണ് പെസ നിയമം നടപ്പാക്കുന്നതിന് തടയുന്നത്.

ആദിവാസി വിഷയങ്ങളിൽ മുഖ്യധാര മാധ്യങ്ങളും പ്രാധാന്യം നൽകുന്നില്ല. എന്നാൽ, ചില മാധ്യമ പ്രവർത്തകർ സജീവിമായി ഇടപെടുന്നുണ്ട്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് വാർത്ത നൽകിയ മാധ്യമ പ്രവർത്തകനായ ആർ. സുനിലിനും സാമൂഹിക പ്രവർത്തകനായ സുകുമാരൻ അട്ടപ്പാടിക്കുമെതിരെ പൊലീസ് എടുത്ത കേസ് പിൻവലിക്കണം. ആദിവാസി വിഷയം റിപ്പോർട്ട് ചെയ്താൽ പൊലീസ് കേസെടുക്കുന്ന രീതി ന്യായീരിക്കാൻ കഴിയില്ല. ആദിവാസികൾക്ക്  സാമൂഹിക നീതി നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. അഞ്ചര ലക്ഷം ഏക്കർ വിദേശ തോട്ടം ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കാൻ സർക്കാർ തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു. 
എം. ഗീതാനന്ദൻ, സി.എസ് മുരളി, എൻ. സുബ്രഹ്മണ്യൻ, കെ. പി. പ്രകാശൻ, ശ്രീരാമൻ കൊയ്യോൻ, സൊറിയൻ മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.