ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

വീട് തകർത്തു, വീട്ടിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു
 
tt

ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി 92 കോളനിയിലെ വീട് തകർത്തു. ഈ സമയം വീട്ടുടമയായ ലീലയും മകളും കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വീടിന്റെ അടുക്കളയും മുൻവശവും പൂർണമായി തകർന്നു. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

അടുക്കളില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്ക് മുറ്റത്ത് പൊട്ടിച്ച് വിതറയിട്ട നിലയിലാണ്. ഇത് കഴിച്ച ശേഷമാണ് ആന മടങ്ങിയതെന്നാണ് കരുതുന്നത്. ഇത് രണ്ടാം തവണയാണ് ലീലയുടെ വീട് കാട്ടാന ആക്രമിക്കുന്നത്. മുമ്പ് ആക്രമിച്ചപ്പോള്‍ തകര്‍ന്ന വീടിന്റെ ഒരുഭാഗത്ത് കട്ടകള്‍ പെറുക്കിവെച്ച് ഷീറ്റുകൊണ്ട് മറച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആ ഭാഗത്താണ് വീണ്ടും ആക്രമണം നടത്തിയത്.

അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളം ഉൾവനത്തിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ഇന്നുരാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ സർവകക്ഷി ജനകീയ ഹർത്താൽ സംഘടിപ്പിച്ചിരിക്കുകയാണ്. ഹർത്താലിന് വ്യാപാരികളും കർഷകരും വിവിധ രാഷ്ട്രീയ പാർട്ടികളും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വാഴച്ചാലിൽ അരിക്കൊമ്പൻ ദൗത്യത്തിന്റെ ട്രയൽ റൺ നാട്ടുകാർ തടഞ്ഞു. ലോറികൾ തടഞ്ഞിട്ടാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. അരിക്കൊമ്പനെ ഇടുക്കിയില്‍ നിന്ന് കൊണ്ടുവരുന്നത് വാഴച്ചാല്‍ വഴിയായതിനാൽ വാഴച്ചാല്‍ ചെക്ക് പോസ്റ്റിന് സമീപത്തായി റോഡ് ഉപരോധം നടക്കുകയാണ്.

നിയമപരമായി സാദ്ധ്യതയുള്ള എല്ലാ വഴിയും ഉപയോഗിച്ച് അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നത് തടയുമെന്ന് കെ ബാബു എം എൽ എയും വ്യക്തമാക്കി. ഇതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സാഹയവുമുണ്ടാവും. അരിക്കൊമ്പനെ പറമ്പികുളത്തേയ്ക്ക് മാറ്റുന്നത് അവിടുത്തെ ആദിവാസി വിഭാഗങ്ങൾക്കും മുതലമട, എലവഞ്ചേരി, അയിലൂർ, പല്ലശന, നെല്ലിയാമ്പതി പഞ്ചായത്തുകളിലെ കർഷകർക്കും വനാതിർത്തിയിൽ താമസിക്കുന്നവർക്കും ഭീഷണിയാണ്. ഈ നീക്കം ജനങ്ങൾക്ക് ദോഷകരമാകുമെന്നും എം എൽ എ പറഞ്ഞു.