അട്ടപ്പാടി മധു കൊലക്കേസ്: 16 പ്രതികളിൽ 14 പേരും കുറ്റക്കാർ: ശിക്ഷാ വിധി നാളെ

 
madhu

ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി  ജൈജുമോൻ, പന്ത്രണ്ടാം പ്രതി  സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു,  പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.

പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. 14  പ്രതികൾക്കുമെതിരെ  നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി. ഇതിൽ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. 2018 ഏപ്രില്‍ 22-നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്. അഞ്ചുവര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വന്നത്.

കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ചെന്നും തുടര്‍ന്ന്, കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഏപ്രില്‍ 28-ന് വിചാരണ തുടങ്ങിയതുമുതല്‍ നടന്ന സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം വിവാദമായിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് കേസിന്റെ വിചാരണനടപടി പൂര്‍ത്തിയാക്കിയത്.

സംഭവം നടന്ന് 5 വർഷത്തിനുശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ഇന്നു വിധി പറയുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. മാർച്ച് 10നു വാദം പൂർത്തിയായി. മാർച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി. 30നു കേസ് പരിഗണിച്ചപ്പോഴാണ് ഇന്നു വിധി പറയാനായി വീണ്ടും മാറ്റിയത്. വിധി പറയുന്ന സാഹചര്യത്തിൽ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ചു മധുവിനെ കാട്ടിൽനിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മുക്കാലിയിലെത്തിച്ചു.

മുക്കാലിയിൽ എത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്.