ഓട്ടോമോട്ടീവ് റൗണ്ട് ടേബിൾ നവംബറിൽ; തിരുവനന്തപുരം ഓട്ടോമോട്ടീവ് ഹബ്ബ് ആക്കും
അടുത്ത വർഷം നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി ഓട്ടോമോട്ടീവ് ടെക്നോളജി റൗണ്ട് ടേബിൾ നവംബറിൽ നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. പ്രമുഖ വാഹന നിർമ്മാതാക്കളായ ബി. എം ഡബ്ല്യു ഇതുമായി സഹകരിക്കും. തിരുവനന്തപുരം ഓട്ടോമോട്ടീവ് ഹബ്ബാക്കി മാറ്റുമെന്നും ബി.എം. ഡബ്ല്യു പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു. ബി.എം.ഡബ്ള്യുവിലെ മുൻ ഉദ്യോഗസ്ഥനും ആക്സിയ ടെക്നോളജീസ് സ്ട്രാറ്റജി അഡ്വൈസറുമായ സ്റ്റെഫാൻ ജുറാഷെക്, ബി.എം.ഡബ്ല്യു ഡവലപ്പർമാരായ ക്രിസ്റ്റീന ഹെയ്ൻ, ഹെർമൻ ഫെറേറ എന്നിവരുമായാണ് മന്ത്രി പി. രാജീവ് കൂടിക്കാഴ്ച നടത്തിയത്.
കൊച്ചി തുറമുഖത്തോട് ചേർന്ന് സ്ഥലം കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് ബി.എം.ഡബ്ള്യുവിൻ്റെ നിർമ്മാണ യൂണിറ്റിനായി നേരത്തെ നടന്ന ആലോചനകൾ ഫലപ്രാപ്തിയിൽ എത്തിയില്ലെങ്കിലും കമ്പനിയുടെ സാങ്കേതിക വിദ്യാമേഖലയിൽ വിപുലമായ സാധ്യതകൾ ഇപ്പോൾ കേരളത്തിലുള്ളതായി കൂടിക്കാഴ്ചയിൽ പ്രതിനിധികൾ പറഞ്ഞു. ഓട്ടോമോട്ടീവ് ടെക്നോളജിയിൽ പ്രശസ്തമായ ആഗോള കമ്പനികൾ കേരളത്തിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞതും അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. ജർമ്മനിയിൽ നിന്നും സ്വീഡനിൽ നിന്നുമുള്ള കൂടുതൽ കമ്പനികൾ റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുക്കും. ഡി സ്പേസ്, അർമാദ, സഫ്റാൻ, അക്സെൻചർ തുടങ്ങിയ കമ്പനികൾക്കൊപ്പം ലോകോത്തരമായ കൂടുതൽ കമ്പനികളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, സി.ഐ.ഐ തിരുവനന്തപുരം സോൺ ചെയർമാൻ ജിജിമോൻ ചന്ദ്രൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.