മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കും: മന്ത്രി വീണാ ജോര്‍ജ്

 
veena

സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനങ്ങള്‍ വളരെയധികം പ്രതീക്ഷയര്‍പ്പിക്കുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തളര്‍ന്നു പോകരുത്. രാത്രി ചെക്ക് പോസ്റ്റില്‍ പോയി ഡ്യൂട്ടി എടുത്ത് രാവിലെ ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥരുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷാ രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയത് അഭിമാനകരമായ കാര്യമാണ്. ഒട്ടേറെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാനായത്. എല്ലാ മേഖലകളിലും മറ്റുള്ള സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് കേരളം. ഇനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകണം. കമ്മീഷണര്‍ മുതല്‍ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

സംസ്ഥാനം പല കാര്യങ്ങള്‍ക്കും മുമ്പിലാണ്. പാഴ്‌സലുകളില്‍ സമയവും തീയതിയും നിര്‍ബന്ധമാക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. എല്ലാ പരിശോധനകളും ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിച്ചു. പുതിയ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനം നേടി. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് നേടിയത്.

veena

കേരളത്തിലെ മൂന്നു ലാബുകളും എന്‍എബിഎല്‍ എഫ്എസ്എസ്എഐ ഇന്റഗ്രേറ്റഡ് അസ്സെസ്സ്‌മെന്റ് പൂര്‍ത്തിയാക്കി. കണ്ണൂര്‍ ലാബും ഉടന്‍ തന്നെ ഇന്റഗ്രേറ്റഡ് അസ്സെസ്സ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കും. പത്തനംതിട്ട ലാബിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ശേഷം ഈ ലാബും ഇന്റഗ്രേറ്റഡ് അസ്സെസ്സ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതാണ്.

രാജ്യത്ത് ഏറ്റവുമധികം മില്ലറ്റ് മേളകള്‍ നടത്തിയതിനു പ്രത്യേക സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷനും കേരളം കരസ്ഥമാക്കുകയുണ്ടായി. ചെറുധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ജനപിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇത് കേരളത്തിലെ ജനങ്ങളെ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ്.

ഹൈജീന്‍ റേറ്റിംഗ്, ഗ്രിവന്‍സ് പോര്‍ട്ടല്‍, ഈറ്റ് റൈറ്റ് കേരള ആപ്പ്, ഈറ്റ് റൈറ്റ് സ്‌കൂള്‍, ഈറ്റ് റൈറ്റ് ക്യാമ്പസ്, ആരാധനാലയങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, മാര്‍ക്കറ്റുകളുടെ സര്‍ട്ടിഫിക്കേഷന്‍, ഈറ്റ് റൈറ്റ് റെയില്‍വേസ്റ്റേഷന്‍, സേവ് ഫുഡ് ഷെയര്‍ ഫുഡ്, ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ് തുടങ്ങിയ പദ്ധതികള്‍ വളരെ ഭംഗിയായി കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.