ബിഹാർ പെൺകുട്ടിയുടെ വീട് വനിത കമ്മിഷൻ അധ്യക്ഷ സന്ദർശിച്ചു

 
pix

ആലുവയിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശിനിയായ  പെൺകുട്ടിയുടെ വീട് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി സന്ദർശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സന്ദർശനം. കേരള ലീഗൽ സർവീസസ് അഥോറിറ്റിയുടെ  ഭാഗമായുള്ള വിക്ടിം റൈറ്റ് സെന്ററിന്റെ ധനസഹായം പെൺകുട്ടിയുടെ കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടിയെടുക്കുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

സെന്ററിന്റെ നേതൃത്വത്തിൽ കുട്ടിയുടെ അമ്മയ്ക്ക് കൗൺസലിങ്ങും നൽകും. അംഗൻവാടികളുടെ സഹായത്തോടെ ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളി ലേബർ ക്യാമ്പുകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.   കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, കമ്മിഷന്റെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ അഡ്വ. പാർവതി മേനോൻ, കമ്മിഷൻ അഭിഭാഷക പാനൽ അംഗം അഡ്വ. സ്മിത ഗോപി, പോക്സോ കോടതി പ്രോസിക്യൂട്ടർ അഡ്വ. പി എ ബിന്ദു,  ഹൈക്കോടതി വനിത അഭിഭാഷക ഫെഡറേഷൻ അഭിഭാഷകർ, ആലുവ എഐഎൽയു  പ്രസിഡന്റ് അഡ്വ. മുഹമ്മദ് സാലി എന്നിവരും ഒപ്പമുണ്ടായിരുന്നു.